രാജാവിന്റെ മകൻ.. ഒരു അശ്വമേധത്തിന്റെ ആരംഭം..!!

രാജാവിന്റെ മകൻ.. ഒരു അശ്വമേധത്തിന്റെ ആരംഭം..!!

February 26, 2018 0 By admin

രാജാവിന്റെ മകൻ… മോഹൻലാൽ എന്ന അഭിനയ പ്രതിഭയെ താര സിംഹാസനതിലേക്ക് ഉയര്ത്തിയ ചിത്രം..താൻ സംവിധാനം ചെയ്താൽ ഈ ചിത്രം നന്നാവില്ല എന്ന് പറഞ്ഞ മറ്റൊരു താരത്തോട് ഇത് ഞാൻ മോഹൻലാലിനെ വെച്ച് ചെയ്യുമെന്നും അതോടു കൂടി മോഹൻലാലിനൊപ്പം എത്താൻ അയാൾക്ക്‌ ഒരിക്കലും ആവാത്ത വിധം ഉയരങ്ങളിൽ മോഹൻലാൽ എന്ന നടൻ എത്തുമെന്നും ധൈര്യ പൂർവ്വം വെല്ലു വിളിച്ചപ്പോൾ തമ്പി കണ്ണന്താനം എന്ന സംവിധായകൻ പോലും വിചാരിച്ചു കാണില്ല തന്റെ നാവിലൂടെ ഉതിർന്നു വീണത്‌ അക്ഷരാര്ധത്തിൽ ഒരു പ്രവചനം ആയിരുന്നു എന്ന്..കാലത്തിനു മുന്നില് വിധി ഒരുക്കി വെച്ച ഒരു നിയോഗം ആയിരുന്നിരിക്കാം തമ്പി ആ നിമിഷം അറിഞ്ഞോ അറിയാതെയോ വികാര വിക്ഷൊഭതിൽ ആ വാക്കുകൾ പറയാൻ കാരണം..

എന്തും കീഴടക്കാൻ ദൈവത്തിന്റെ പ്രതി രൂപമായി ചിലർ ഭൂമിയിലെത്തുമ്പോൾ അവരെ ശെരിയായ വഴിയിൽ എത്തിക്കാൻ ഇങ്ങനെ ചില നിമിത്തങ്ങൾ ഉണ്ടാകും എന്ന് കേട്ടിട്ടുണ്ട്..ഒരു ഫാസ്റ്റ് ബൌളെർ ആകാൻ കൊതിച്ചു ചെന്ന സച്ചിൻ ടെന്ദുൽകർ നെ നീ ബാറ്റ് ചെയ്താൽ മതി ബോൾ ചെയ്യണ്ട എന്ന് പറഞ്ഞു മടക്കി അയച്ചത് ഓസ്ട്രല്യൻ ഇതിഹാസം ഡെന്നിസ് ലില്ലി..ലോകം കണ്ട ഏറ്റവും മികച്ച ബാറ്സ്മാൻ ആയി സച്ചിൻ മാറിയതും സച്ചിൻ ഏറ്റവും അധികം പേടി സ്വപ്‌നങ്ങൾ സമ്മാനിച്ച ടീം ആയി ഓസ്ട്രേലിയ തന്നെ വന്നതും ആ വിധി കാത്തു വെച്ച ചില നിയോഗങ്ങളുടെ ഫലം ആയി ആണ്..

ഹാസ്യ നായക വേഷങ്ങളും സഹ നായക വേഷങ്ങളും ചെയ്തു നിന്നിരുന്ന മോഹൻലാൽ..ഒരു ആക്ഷൻ നായകന്റെ യാതോരു രൂപ ശബ്ദ പരിവേഷങ്ങളും ഇല്ലാതെ ഇരുന്ന മോഹൻലാൽ വിന്സെന്റ് ഗോമസ് ആയി മാറണം എന്നത് നിയോഗം ആയിരുന്നു..രാജാവിന്റെ മകൻ എന്നാ ആ പേര് പോലും ഈ നിയോഗത്തിന്റെ ഭാഗം ആയിരുന്നില്ല എന്നാരു അറിഞ്ഞു..ശ്യാം ഒരുക്കിയ പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ ചിത്രത്തിന്റെ 19 ആം മിനിറ്റിൽ വിന്സെന്റ് ഗോമസ് വന്നിറങ്ങിയത് മലയാളികളുടെ മനസ്സിലേക്ക് ആണ്..നായക സങ്കല്പ്പങ്ങളെ തച്ചുടച്ച അശ്വമേധത്തിന്റെ തുടക്കം ആയിരുന്നു നമ്മൾ അവിടെ കണ്ടത്..കാറിൽ വന്നിറങ്ങിയ വിന്സെന്റ് ഗോമസ് തന്റെ ചിത്രം ക്യാമറയിൽ പകർത്തിയ ഫോട്ടോ ഗ്രഫേർ നെ ഒന്ന് നോക്കുക മാത്രമേ ചെയ്യുന്നുള്ളൂ…

ചുവന്ന ചോര കണ്ണുകളോ ചുണ്ടിൽ എരിയുന്ന സിഗരറ്റോ കണ്ണ് മൂടുന്ന കറുത്ത കൂളിംഗ്‌ ഗ്ലാസ്സുകളോ ഇല്ല..പക്ഷെ ആ നോട്ടത്തിൽ അടങ്ങിയിരിക്കുന്ന തീപ്പൊരികൾ , അതിന്റെ ശര വേഗം, എന്തിനെയും ഏതിനെയും പിളര്ന്നു കയറുന്ന മൂര്ച്ച ..അതായിരുന്നു വിന്സെന്റ് ഗോമസ് എന്ന വില്ലന്റെ പരിവേഷം ഉള്ള കഥാപാത്രത്തെ മലയാളികൾ തങ്ങളുടെ മനസ്സിന്റെ രാജാവായി വാഴിക്കാൻ ഉള്ള കാരണം..ആ കഥാപാത്രത്തിന്റെ എല്ലാ സവിശേഷതകളും ആണ് ആ നിമിഷങ്ങൾ മാത്രം നീളുന്ന ഒരു ദ്രിശ്യത്തിൽ നിന്ന് ലഭിച്ചത്..അങ്ങനെ വേണം എന്ന് ഒരു സംവിധായകൻ ആഗ്രഹിച്ചിട്ടു മാത്രം കാര്യമില്ല..മോഹൻലാൽ നെ പോലൊരു നടന് മാത്രം നല്കാൻ കഴിയുന്ന കാര്യം..

ഒരിക്കൽ സംവിധായകൻ രഞ്ജിത് പറഞ്ഞ കാര്യം ഞാൻ ഇതിനോടൊപ്പം കൂട്ടി ചേര്ക്കുന്നു…ഒരു സംവിധായകൻ എന്താണോ ആഗ്രഹിക്കുന്നത് , ഒരു കഥാപാത്രത്തിന് എന്താണോ വേണ്ടത് അത് തന്റെ കണ്ണിന്റെ കൃഷ്ണ മണിയുടെ ചെറു ചലനം കൊണ്ട് പോലും മോഹൻലാൽ നമ്മുക്ക് നല്കും..ഒരു പക്ഷെ ലോക സിനിമയിൽ തന്നെ രണ്ട് പേര്ക്ക് മാത്രം സാധിക്കുന്ന ഒന്ന്..ഒന്ന് ആന്റണി ഹോപ്കിന്സ് രണ്ട് മോഹൻലാൽ…
എന്നാൽ പിന്നീട് മോഹൻലാൽ ആ ചിത്രത്തിലൂടെ കാണിച്ചത് അഭിനയത്തിന്റെ മറ്റൊരു സ്വാഭാവികമായ തലം ആണ്..മറ്റു നടന്മാര്ക്ക് അസൂയയോടെ കണ്ടു നില്ക്കാൻ മാത്രം സാധിക്കുന്ന ഒന്ന്..കാരണം സംഭാഷണങ്ങളിൽ ഈ നടൻ കൊണ്ട് വന്ന ഒരു ഒഴുക്കും അത് പോലെ തന്നെ മൃദുലമായി പറയുന്ന വാക്കുകളിൽ പോലും കൊണ്ട് വന്നിരുന്ന മൂർച്ചയും തീക്ഷ്ണതയുടെ ആഴങ്ങളും വിസ്മയിപ്പിക്കുന്നതായിരുന്നു..

വിന്സെന്റ് ഗോമസിന്റെ ചതിച്ചവർ ആരും ഇന്ന് ജീവിച്ചിരിപ്പില്ല എന്ന് ഈ നടൻ പറയുന്നത് അട്ടഹസിച്ചു കൊണ്ട് അല്ല..അന്ന് വരെ നമ്മൾ കണ്ടു ശീലിച്ച നായകനെ അല്ല അവിടെ കാണുന്നത്…വില്ലനിസം കലർന്ന നായകൻ ആണെങ്കിലും ആ നായകനിൽ തന്നെ പ്രണയ ഭാവങ്ങളും കുസൃതിയും (കോടതിയിൽ കെ പി എസ് സി സണ്ണി അവതരിപ്പിക്കുന്ന വക്കീൽ കഥാപാത്രം വിന്സെന്റ് ഗോമസിന്റെ വിസ്തരിക്കുന്ന രംഗം ശ്രദ്ധിക്കുക) ഭാവ തീവ്രമായ രംഗങ്ങളും എല്ലാം ഈ നടൻ വിന്സെന്റ് ഗോമസിലൂടെ തരുമ്പോൾ പ്രേക്ഷകന് അനുഭവപ്പെടുന്നത് വളരെ അനായാസം ആയി ഒഴുകുന്ന ഒരു പുഴയുടെ ഒഴുക്കിന്റെ താളം ആണ്..ഇയാൾ അഭിനയിക്കുകയാണോ അതോ ശെരിക്കും വിന്സെന്റ് ഗോമസ് എന്ന അധോലോക നായകനൻ ആണോ എന്ന് തോന്നിപ്പിക്കുന്ന സ്വാഭാവികത ആണ് ആ പ്രകടനത്തിന്..

എഴുത്തുകാരന്റെ ഭാവനയിൽ വിരിഞ്ഞ വിന്സെന്റ് ഗോമസ് എന്ന ഒരു കഥാപാത്രത്തിന് ശ്വസിക്കാൻ, ജീവിക്കാൻ, തന്റെ ശരീരം വിട്ടു നല്കിയ മോഹൻലാൽ..അവിടെ അയാൾ വിന്സെന്റ് ഗോമസ് ആയി ജീവിക്കുന്നതിനോപ്പം മോഹൻലാലും ആണ്..ചിലപ്പോൾ അതായിരിക്കാം മോഹൻലാലിൻറെ വില്ലൻ പരിവേഷം ഉള്ള നായകന്മാരെ പോലും മലയാളികളൾ മറ്റേതു നന്മ നിറഞ്ഞ നായകരെയും പോലെ സ്നേഹിച്ചത്…മോഹൻലാലിനോടുള്ള ഇഷ്ടം ആ കഥാപാത്രങ്ങളിലേക്ക് കൂടി വ്യാപരിക്കുന്നതാവം …ഒരു പക്ഷെ ആട് തോമ, മംഗലശ്ശേരി നീലൻ, സാഗർ ഏലിയാസ് ജാക്കി തുടങ്ങിയ വില്ലൻ പരിവേഷം ഉള്ള നായകന്മാരെ മലയാളത്തിനു ലഭിക്കാൻ ഉള്ള കാരണവും ഈ വിന്സെന്റ് ഗോമസ് ആവാം..പുതിയ തരം കഥാപാത്ര രൂപീകരണത്തിന് ഉള്ള സാധ്യതയുടെ വാതിൽ ആണ് മോഹൻലാൽ തന്റെ പ്രകടനതിലൂടെ മലയാള സിനിമയിൽ തുറന്നിട്ടത്..കാരണം എല്ലാ നായകന്മാരും നന്മ നിറഞ്ഞവർ, ശ്രീരാമ ചന്ദ്രനെ പോലെ സർവ ഗുണ സമ്പന്നർ എന്ന് വരുമ്പോൾ തന്നെ യാഥാര്ധ്യത്തിൽ നിന്ന് ഒരുപാട് അകന്നു പോയിരുന്നു സിനിമ..

ആ മലയാള സിനിമയെ ജീവിതവുമായോ അല്ലെങ്കിൽ യാഥാര്ത്യ വുമായൊ അടുപ്പിച്ചത് മോഹൻലാൽ കഥാപാത്രങ്ങൾ ആയിരുന്നു..രാജാവിന്റെ മകൻ അതിനു തുടക്കം കുറിച്ച ചിത്രങ്ങളിൽ ഒന്ന് കൂടി ആണ്..നായികയെ ബലാല്സംഗം ചെയ്യുന്ന വില്ലനിൽ നിന്നും നായികയെ ആത്മാർഥമായി സ്നേഹിക്കുന്ന ഒരു വില്ലൻ ആയി മാറണം എങ്കിൽ അസാമാന്യമായ പ്രതിഭ വേണം ..കാരണം ഒരു വില്ലന്റെ കാർക്കശ്യം നിറഞ്ഞ ഭാവങ്ങൾ പ്രകടിപ്പിക്കുന്നതിനു ഒപ്പം തന്നെ ഒരു നായകന്റെ മേൽ പറഞ്ഞ മൃദുല ഭാവങ്ങളും പ്രകടിപ്പിക്കേണ്ടി വരുന്നു ഈ കഥാപാത്രത്തിന്..വില്ലനിൽ നിന്ന് നായകനിലെക്കും അവിടുന്ന് തിരിച്ചും ഇയാൾ നിമിഷാർധം കൊണ്ടു മാറുകയാണ്‌..അപ്പോഴൊന്നും വിന്സെന്റ് ഗോമസിന്റെ പെരുമാറ്റത്തിന്റെ സ്വാഭാവികതയുടെ ഒഴുക്ക് മുറിയുന്നില്ല ..ആ ചരട് പൊട്ടുന്നില്ല..അവിടെ ആണ് മലയാള സിനിമയിലെന്നല്ല ഇന്ത്യൻ സിനിമയിൽ തന്നെ പകരം വെക്കാനില്ലാത്ത അഭിനയ പ്രതിഭയുടെ തലത്തിലേക്ക് മോഹൻലാൽ വളരുന്നത്‌..വില്ലൻ ആയി തുടങ്ങി മൃദുല ഭാവങ്ങളിലൂടെ നായകനിലേക്ക് വളര്ന്ന മോഹൻലാൽ എന്ന നടന്റെ വളര്ച്ച തന്നെയല്ലേ ഒരുപക്ഷെ വിന്സെന്റ് ഗോമസ് എന്ന കഥാപാത്രവും പ്രകടിപ്പിക്കുന്നത്..

ഒരു പക്ഷെ മലയാളികള് ഏറ്റവും അധികം സ്നേഹിച്ച ആദ്യത്തെ വില്ലൻ പരിവേഷം ഉള്ള നായകന് ആയിരിക്കും വിന്സെന്റ് ഗോമസ്..മൈ ഫോണ്‍ നമ്പർ ഈസ്‌ 2255 എന്ന് പറയുന്നത് ഒരു തീപ്പൊരി ഡയലോഗ് അല്ല…അതിൽ ദ്വയാർത്ഥം ഇല്ല..അത് പറയുന്നത് ആരെയും ചവിട്ടി താഴ്ത്തിയോ കീഴടക്കിയോ അല്ല…എന്നിട്ടും ആ തലമുറയുടെയും പിന്നീട് വന്ന ഓരോ തലമുറകളുടെയും ചുണ്ടിൽ ആ വാക്കുകൾ തത്തി കളിചെങ്കിൽ അതിനു കാരണം മോഹൻലാൽ ആ സംഭാഷണം ഉരുവിട്ട രീതിയും അത് പറയുമ്പോൾ കൊടുത്ത ശബ്ദ വിന്യാസവും ആര്ക്കും എത്തിപിടിക്കാനാകാത്ത ഒരു ശക്തി സ്രോതസിന്റെ ഭാവവും നല്കിയത് കൊണ്ടാണ്..രാജാവിന്റെ മകനിലൂടെ ഈ നടൻ തുടങ്ങിയ അശ്വമേധം ഇന്നും അനസ്യൂതം തുടരുകയാണ്..ഈ യാഗാശ്വത്തെ തടയാനോ ഇതിനൊപ്പം ഓടി എതാനൊ ഇത് വരെ മറ്റൊരാള്ക്കും കഴിഞ്ഞിട്ടില..രാജാവിന്റെ മകൻ മോഹൻലാലിനെ വലിയൊരു താരം ആക്കിയ ചിത്രം മാത്രം അല്ല..

മോഹൻലാൽ എന്ന ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടന്റെ വൈവിധ്യപൂര്ന്നമായ അഭിനയ ശേഷിയുടെ മിന്നലാട്ടങ്ങൾ ചെറിയ തോതിൽ വളരെ വിദഗ്ധമായി കോർത്തിണക്കിയ ഒരു മുത്തുമാല പോലെ നമ്മുക്ക് മുന്നില് എത്തിച്ച ചിത്രം കൂടി ആണ്..ആ രാജാവിന്റെ മകൻ ഇന്ന് ചക്രവര്ത്തി ആണ്..അഭിനയത്തിലോ താര മൂല്യതിലോ ഈ ചക്രവര്ത്തിയുടെ ചെറു വിരലനക്കുവാൻ പോലും ശേഷിയുള്ള ഒരാൾ ഇനി വരുമോ എന്നറിയില്ല..പക്ഷെ ഒന്നുറപ്പാണ്..ഇപ്പോൾ അങ്ങനെ ഒരാൾ ഇല്ല..പണ്ട് അങ്ങനെ ഒരാൾ ഉണ്ടായിട്ടുള്ളതായി കേട്ടിട്ടും ഇല്ല..ഒരു പക്ഷെ ഞാൻ ആദ്യം പറഞ്ഞ പോലെ ഒരു നിയോഗം ആയിരിക്കാം..അഭിനയിക്കാൻ ആയി ജനിച്ച ഒരു ജന്മത്തിന്റെ നിയോഗം..ആ നിയോഗവും പേറി ഈ അശ്വമേധം തുടരട്ടെ..കാരണം മലയാളികൾ ഇന്നും മനസ്സിലെ ആ സിംഹാസനം ഈ രാജാവിന്റെ മകന് തന്നെ ആണ് സമർപ്പിച്ചിരിക്കുന്നത്..