മാർച്ച് ഒൻപതിന് ഒടിയൻ അവസാന ഷെഡ്യൂൾ ആരംഭിക്കും എന്ന് ആന്റണി പെരുമ്പാവൂർ..!

മാർച്ച് ഒൻപതിന് ഒടിയൻ അവസാന ഷെഡ്യൂൾ ആരംഭിക്കും എന്ന് ആന്റണി പെരുമ്പാവൂർ..!

February 14, 2018 0 By admin

മോഹൻലാൽ ആരാധകർ മാത്രമല്ല മലയാള സിനിമാ ലോകം മുഴുവൻ ആകാംഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ നായകനായ ബ്രഹ്മാണ്ഡ ചലച്ചിത്രം ഒടിയൻ ഇനി അവസാന ഷെഡ്യൂൾ മാത്രം ഷൂട്ടിംഗ് ബാക്കിയുള്ള സ്റ്റേജിൽ ആണ്. കഴിഞ്ഞ വർഷം നവംബറിൽ ആണ് ഒടിയൻ രണ്ടാം ഷെഡ്യൂൾ പൂർത്തിയാക്കിയിരുന്നത്. അതിനു ശേഷം പ്രേക്ഷകരെ ഞെട്ടിക്കുന്ന മേക് ഓവർ ആണ് മോഹൻലാൽ ഈ ചിത്രത്തിന് വേണ്ടി നടത്തിയത്. ആദ്യം ഈ വർഷം ജനുവരിയിൽ ഒടിയൻ ഫൈനൽ ഷെഡ്യൂൾ തുടങ്ങാൻ ആയിരുന്നു പ്ലാൻ എങ്കിലും വമ്പൻ താര നിരയുള്ള ഈ ചിത്രത്തിൽ, താരങ്ങളുടെ ഡേറ്റ് ക്ലാഷ് മൂലം ഷൂട്ടിംഗ് വൈകുകയായിരുന്നു. ഇപ്പോഴിതാ ഒടിയൻ ഫൈനൽ ഷെഡ്യൂൾ മാർച്ച് ഒൻപതു മുതൽ പാലക്കാടു ആരംഭിക്കും എന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ അറിയിച്ചു.

ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ശ്രീകുമാർ മേനോൻ ആണ്. ദേശീയ അവാർഡ് ജേതാവായ തിരക്കഥാകൃത് ഹരികൃഷ്ണൻ രചന നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിൽ അമ്പത്തഞ്ചു വയസ്സുകാരൻ ആയും മുപ്പതു വയസ്സുകാരൻ ആയുമാണ് മോഹൻലാൽ പ്രത്യക്ഷപ്പെടുന്നത്. പീറ്റർ ഹെയ്‌ൻ സംഘട്ടനം ഒരുക്കുന്ന ഈ ചിത്രത്തിന് ദൃശ്യങ്ങൾ നൽകുന്നത് ഷാജി കുമാർ ആണ്. ഒടിയൻ മാണിക്യൻ എന്നാണ് ഈ ചിത്രത്തിലെ മോഹൻലാൽ കഥാപാത്രത്തിന്റെ പേര്.

മഞ്ജു വാര്യർ നായികാ വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ പ്രതി നായകൻ ആയി എത്തുന്നത് പ്രകാശ് രാജ് ആണ്. ഇത് കൂടാതെ ഇന്നസെന്റ്, സിദ്ദിഖ്, നരെയ്ൻ, സന അൽതാഫ്, നന്ദു എന്നിവരും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗം ആണ്. അമിതാബ് ബച്ചൻ ഈ ചിത്രത്തിന്റെ ഭാഗം ആവുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു എങ്കിലും ആ കാര്യത്തിൽ ഇതുവരെ ഒഫീഷ്യൽ ആയുള്ള സ്ഥിതീകരണം ഒന്നും വന്നിട്ടില്ല. സാം സി എസ് പശ്ചാത്തല സംഗീതം ഒരുക്കുന്ന ഈ ചിത്രത്തിന് വേണ്ടി ഗാനങ്ങൾ ഒരുക്കിയത് എം ജയചന്ദ്രൻ ആണ്. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായി ഒരുങ്ങുന്ന ഒടിയൻ ഒരു ഫാന്റസി ത്രില്ലർ ആയാണ് ഒരുക്കുന്നത്. മോഹൻലാലിൻറെ വമ്പൻ സംഘട്ടന രംഗങ്ങൾ ആണ് ഈ ചിത്രത്തിന്റെ പ്രത്യേകത.