ഒടിയൻ മാണിക്യനെ  കാണാൻ നിക് ഉറ്റുവും എത്തി; ലോക പ്രശസ്ത ഫോട്ടോഗ്രാഫർ ഒടിയൻ സെറ്റിൽ..!

ഒടിയൻ മാണിക്യനെ കാണാൻ നിക് ഉറ്റുവും എത്തി; ലോക പ്രശസ്ത ഫോട്ടോഗ്രാഫർ ഒടിയൻ സെറ്റിൽ..!

March 16, 2018 0 By admin

ലോക പ്രശസ്തനായ ഫോട്ടോഗ്രാഫർ ആണ് നിക് ഉറ്റു. അമേരിക്കന്‍ സാമ്രാജ്യത്വത്തിന് കീഴിലെ വിയറ്റ്നാമിന്റെ ഭീകരാവസ്ഥ തന്റെ ചിത്രത്തിലൂടെ ലോക മനസ്സാക്ഷിക്കു മുന്നിൽ അവതരിപ്പിച്ചു പ്രശസ്തി നേടിയ അദ്ദേഹം പകർത്തിയ ചിത്രമായിരുന്നു അമേരിക്ക നടത്തിയ നാപാം ബോംബ് ആക്രമണത്തില്‍ ദേഹമാസകലം പൊള്ളലേറ്റ പെണ്‍കുട്ടിയുടെത്. ലോക മനസാക്ഷിയെ ആകെ പിടിച്ചുലച്ച ഈ ചിത്രം അദ്ദേഹത്തെ ആഗോള പ്രശസ്തനാക്കുകയും അതുപോലെ തന്നെ അദ്ദേഹത്തിന്റെ ആ ചിത്രം യുദ്ധം സൃഷ്ടിക്കുന്ന കൊടും ഭീകരതയുടെ ഏറ്റവും വലിയ പ്രതീകമായി മാറുകയും ചെയ്തു എന്ന് പറയാം. അദ്ദേഹമാണ് ഇന്ന് ഇന്ത്യൻ സിനിമയുടെ കമ്പ്ലീറ്റ് ആക്ടർ മോഹൻലാലിൻറെ പുതിയ ചിത്രമായ ഒടിയന്റെ സെറ്റിൽ സന്ദർശനത്തിന് എത്തിയത്.

അദ്ദേഹം സെറ്റിൽ എത്തിയപ്പോഴത്തെ ചിത്രങ്ങളും മോഹൻലാലിന് ഒപ്പമുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. പാലക്കാട് ഒളപ്പമണ്ണ മനയിലെത്തിയാണ് അദ്ദേഹം മോഹൻലാലിനെ കണ്ടത്. ഇരുവരും കുറച്ചു സമയം ഒരുമിച്ചു ചിലവിടുകയും പല വിഷയങ്ങളെ കുറിച്ചും ഒടിയൻ സിനിമയെ കുറിച്ചും സംസാരിക്കുകയും ചെയ്തു എന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്. പാലക്കാടു ആണ് ഇപ്പോൾ ഒടിയൻ എന്ന ചിത്രത്തിന്റെ ഫൈനൽ ഷെഡ്യൂൾ നടക്കുന്നത്. ഒടിയൻ മാണിക്യൻ ആയുള്ള മോഹൻലാലിൻറെ വേഷ പകർച്ചയെ ഇന്ത്യൻ സിനിമാ ലോകം തന്നെ അത്ഭുതത്തോടെ കാണുന്ന ഈ സമയത്തു തന്നെയാണ് നിക് ഉറ്റുവിനെ പോലൊരാൾ അത് നേരിട്ട് കാണാൻ അവിടെ എത്തിച്ചേർന്നത് എന്നതും കൗതുകകരമാണ്.

വി എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ഒടിയൻ മലയാള സിനിമയിലെ ഏറ്റവും വലിയ ചിത്രമാണ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ മഞ്ജു വാര്യർ, പ്രകാശ് രാജ്, നരെയ്ൻ, ഇന്നസെന്റ്, സിദ്ദിഖ്, നന്ദു, കൈലാഷ് , സന അൽത്താഫ് തുടങ്ങി ഒരു വലിയ താര നിര തന്നെ അണി നിരക്കുന്നുണ്ട്. പീറ്റർ ഹെയ്‌ൻ സംഘട്ടന സംവിധാനം നിർവഹിക്കുന്ന ഈ ഫാന്റസി ത്രില്ലറിന് തിരക്കഥ രചിച്ചത് ഹരികൃഷ്ണൻ ആണ്. ഷാജി കുമാർ ദൃശ്യങ്ങൾ ഒരുക്കുന്ന ഈ ചിത്രത്തിന് ഗാനങ്ങൾ ഒരുക്കിയത് എം ജയചന്ദ്രനും പശ്ചാത്തല സംഗീതം ഒരുക്കുന്നത് സാം സി എസും ആണ്.