പ്രേക്ഷകരെ ആകര്‍ഷിച്ച മോഹന്‍ലാല്‍ ചേഷ്ടകള്‍..!!Mohanlal mannerisms explained..!!

പ്രേക്ഷകരെ ആകര്‍ഷിച്ച മോഹന്‍ലാല്‍ ചേഷ്ടകള്‍..!!Mohanlal mannerisms explained..!!

March 27, 2018 0 By admin

മോഹൻലാലിൻറെ കഥാപാത്രങ്ങളിൽ അയാളുടെ വ്യക്തിത്വത്തിൻറെ അംശം പ്രകടം ആണെന്ന് ലോഹിതദാസ് ഒരിക്കൽ പറയുക ഉണ്ടായി. അതിൻറെ പൊരുൾ മനസ്സിലാകാതെ അത് അദ്ദേഹത്തിൻറെ പരിമിതി ആയി കണക്കിലാക്കുകയാണ് ചില കൂട്ടർ. ചരിഞ്ഞ തോളും, കള്ള ചിരിയും, ചമ്മിയ മുഖവും, മീശ പിരിയും, ഇന്നത്തെ പുതു തലമുറപോലും അനുകരിച്ചു നടക്കുന്ന ചേഷ്ടകൾ ആണ്. അപ്പോൾ “Lal Mannerisms” എന്ന “Habitual Gesture” മലയാളികളിൽ ഉണ്ടാക്കിയ സ്വാധീനം നമുക്കൊക്കെ ചിന്തിക്കാവുന്നതിനും അപ്പുറമാണ്. എന്തിനു പറയണം മോഹൻലാൽ റഫറൻസ് ഇല്ലാത്ത ചിത്രങ്ങൾ പോലും ഇന്ന് കുറവാണ്. ഈ അടുത്ത് കാലത്തു ഇറങ്ങിയ “Queen” എന്ന മലയാള സിനിമ ഒന്ന് നോക്കു, “നെഞ്ചിനകത്തു ലാലേട്ടൻ, നെഞ്ച് വിരിച്ചു ലാലേട്ടൻ” ഈ ഒരൊറ്റ സോങ്ങുകൊണ്ടു മാത്രം ആ ചിത്രത്തിന് കിട്ടിയ റീച്ച് ചെറുതൊന്നും അല്ല.

എന്തിനു പറയണം “ഇത്തിരി പക്കി” ആയി ലാലേട്ടൻ എത്തുന്നു എന്ന വാർത്ത തന്നെ കായംകുളം കൊച്ചുണ്ണി എന്ന സിനിമക്ക് കിട്ടാവുന്ന ഏറ്റവും വലിയ പബ്ലിസിറ്റി ആയിരുന്നു. ചുരുക്കി പറഞ്ഞാൽ മോഹൻലാൽ എന്നത് വലിയ ചിലവില്ലാതെ നടപ്പിലാക്കാവുന്ന ഏറ്റവും വലിയ മാർക്കറ്റിംഗ് തന്ത്രം ആണ്. ഈ ടെക്ക്നിക്‌ ലാൽ സ്വന്തം ആവിശ്യങ്ങൾക്കു ഉപയോഗിച്ച് തുടങ്ങിയെടുത്താണ് ലോഹി സാർ പറഞ്ഞ “വ്യക്തിത്വത്തിൻറെ അംശം പ്രകടം ആയി തുടങ്ങിയത്”. “Lal Mannerisms” അദ്ദേഹത്തിന്റെ സിനിമയുടെ വാണിജ്യ വിജയത്തിന് ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നായി. മോഹൻലാൽ ഒരു മികച്ച “Entertainer” ആയ കാലം മുതൽ ആയിരിക്കാം ലാലിൻറെ വ്യക്തിത്വം പ്രേക്ഷരെ ആകർഷിക്കാൻ തുടങ്ങിയത്. ഇത് കൂടുതൽ വിശദമായി നമുക്കൊന്നു പരിശോധിക്കാം.

ha!ha!ha! I am the answer…Kilometres and kilometres.. in these days of degenerating decency of Miami beach to Washington DC when diplomacy and duplicity become interchangeable from complicated America to America!!
ഈ ഡയലോഗ് പറയുന്ന ശംഭുവിൽ നമുക്ക് ഉടനീളം കാണാം നമ്മളെ ആകർഷിക്കുന്ന “Lal mannerisms”.
അതുകൊണ്ടു ഈ കഥാപാത്രം അതിൻറെ പൂർണതയിൽ എത്തിയില്ല എന്ന് സ്ഥാപിക്കാൻ കഴിയുമോ ? ഈ കഥപാത്രത്തിലൂടെ നമ്മളെ entertain ചെയ്യാൻ അത് അനിവാര്യം ആണ്, അതില്ലാത്ത പക്ഷം അതൊരിക്കലും അതിൻറെ പൂർണ്ണതയിൽ എത്തില്ലായിരുന്നു. ഇത്രയും ഡീസന്റ് ആയിട്ടുള്ള ഒരു മരുമോൻ വേറെ എവിടെ ഏതു ഉണ്ട് ഉണ്ടെടാ കൈമളേ ? അയ്യോ കൈമൾ അങ്കിൾ . ലാലേട്ടൻറെ കുസൃതികൾ ഇല്ലാത്ത, ചെയ്തു പോയ തെറ്റുകളുടെ കുറ്റബോധവും ആയി വികാരഭരിതൻ ആയി നടക്കുന്ന ചിത്രത്തിലെ വിഷ്ണുവിനെ ആർക്കെങ്കിലും സങ്കൽപ്പിക്കാൻ പറ്റുമോ ? അങ്ങനെ അല്ലായിരുന്നുവെങ്കിൽ മലയാളത്തിലെ ലോങ്ങ് റൺ സിനിമകളുടെ പട്ടികയിൽ ചിത്രം മുൻപന്തിയിൽ ഉണ്ടാകില്ലായിരുന്നു. You are a light of my loneliness, love of my heart, tune of my song, tune of my kingdom and I love you Kalyaani . ഒരുപാടു കുസൃതികൾ കാണിച്ചു, ഒരുപാടു ചിരിപ്പിച്ചു, ചിന്തിപ്പിച്ചു ഒടുവിൽ വിഷ്‌ണുവിലെ ലാൽ ഭാവങ്ങൾ മെല്ലെ മെല്ലെ മങ്ങി തുടങ്ങുന്നത് നമുക്ക് കാണാമായിരുന്നു. വിഷ്ണു ഇന്നും ഒരു വിങ്ങൽ ആയി നമ്മുടെ മനസ്സിൽ നിലനിൽക്കുന്നുണ്ടെങ്കിൽ അതാണ് മോഹൻലാൽ എന്ന നടൻ ആ കഥപാത്രത്തിനു കൊടുത്ത പൂർണത. ഇതൊക്കെ ഹാസ്യം ഒരു പ്രധാന ഘടകം ആയി വരുന്ന, ലാലിൻറെ വ്യക്തി പ്രവാഹമുള്ള കഥാപാത്രങ്ങൾ ആണെങ്കിൽ മറ്റു ചില കഥാപാത്രങ്ങൾ നമുക്കൊന്നു പരിശോധിക്കാം. MT. വാസുദേവൻ നായർ സൃഷ്‌ടിച്ച രണ്ടു കഥാപാത്രങ്ങൾ ആണ് ഉയരങ്ങളിലെ “ജയരാജനും”, രംഗത്തിലെ “അപ്പുണ്ണിയും”. രണ്ടും IV.ശശി ചിത്രങ്ങൾ ആണെന്നുള്ളതാണ് മറ്റൊരു പ്രത്യേകത. രണ്ടും സാക്ഷാൽ ലാലേട്ടൻ പകർന്നാടിയ കഥാപാത്രങ്ങൾ. കൊടും ക്രൂരനും അത്യാഗ്രഹിയും ആയ എസ്റ്റേറ്റ് മാനേജർ ജയരാജൻ അയാളുടെ മീശ ഒന്ന് വടിച്ചു മുശിഞ്ഞ മുണ്ടും ഷർട്ടും ധരിച്ചാൽ ഒരു സാധു കഥകളി അധ്യാപകൻ ആയ “അപ്പുണ്ണി” ആയി. ഈ രണ്ടു കഥാപാത്രങ്ങളിലും മോഹൻലാൽ എന്ന വ്യക്തിയുടെ അംശത്തിൻറെ ഒരു തരി പോലും കാണാൻ സാധിക്കില്ല. കാരണം അവിടെ മോഹൻലാൽ എന്ന വ്യക്തിയുടെ പേഴ്സണാലിറ്റി മുകളിൽ പറഞ്ഞത് പോലെ ഡിമാൻഡ് ചെയ്യുന്നില്ല.

ഉത്സവപിറ്റേന്നിലെ അനിയൻ തമ്പുരാൻ, ദശരഥത്തിലെ രാജീവൻ, സഖാവ് നെട്ടൂരാൻ, നാടോടിക്കറ്റിലെ ദാസൻ, സന്മനസ്സുള്ളവർക്ക് സമാധാനത്തിലെ ഗോപാലകൃഷ്ണ പണിക്കർ, ഭരതത്തിലെ കല്ലൂർ ഗോപിനാഥൻ, മണിച്ചിത്രത്താഴിലെ സണ്ണി തുടങ്ങിയ കഥാപാത്രങ്ങളിൽ എല്ലാം ഉള്ള കോമൺ ഫാക്ടർ ആണ് ലാലിൻറെ “Typical Mannerisms”. രൂപങ്ങളിൽ പോലും പറയത്തക്ക മാറ്റങ്ങൾ ഇല്ലാത്ത ഈ കഥാപാത്രങ്ങൾ ഇന്നും വെവ്വേറെ ആയി പ്രേക്ഷക മനസ്സിൽ ജീവിക്കുന്നത് എന്തുകൊണ്ടായിരിക്കും ?
ഈ കഥാപാത്രങ്ങൾക്ക് ലാൽ പകർന്നുകൊടുത്ത അവരുടേതായ സ്ഥായി ഭാവങ്ങൾ ഉണ്ട്, അതാണ് അനിയൻ തമ്പുരാനിൽ നിന്ന് രാജീവനെയും, നെട്ടൂരാനിൽ നിന്ന് ദാസനെയും എല്ലാം വ്യത്യസ്തം ആക്കുന്നത്. അനിയൻ തമ്പുരാൻറെ സ്ഥായി ഭാവം നിഷ്കളങ്കതയാണ്. ഇത്രയും നിഷ്കളങ്കൻ ആയൊരു കഥാപാത്രം മലയാള സിനിമയിൽ വേറെ ഉണ്ടോയെന്ന് സംശയമാണ്. ഒരു കയർ തുമ്പിൽ ജീവിതം അവസാനിപ്പിക്കുമ്പോളും ചിരിച്ചുകൊണ്ടാണ് അയാൾ മരണത്തെ വരവേറ്റത്. ദശരഥത്തിലെ രാജീവനെ നോക്കു, ആരെയും വകവെയ്ക്കാത്ത, എന്ത് തെമ്മാടിത്തരം കാണിച്ചാലും ഒരു കൂസലും ഇല്ലാത്ത ആളുടെ ഭാവം ആയിരുന്നു അയാൾക്ക്‌. പിന്നീട് ഒരു അച്ഛന്റെ നിറഞ്ഞു തുളുമ്പുന്ന വാത്സല്യത്തിൻറെ പ്രതീകം ആയി മാറി അയാൾ. “എല്ലാ അമ്മമാരും ആനിയെ പോലെ ആണോ ?” ഈ ചോദ്യം രാജീവൻ ചോദിച്ചതിന് ശേഷം നമ്മൾ കണ്ടത് മാതൃത്വം അനുഭവിച്ചിട്ടില്ലാത്ത ഒരു മകൻറെയും, മകനെ വിട്ടുകൊടുക്കേണ്ടി വന്ന ഒരു അച്ഛൻറെയും വേദനയുടെ ഭാവ പകർച്ചകൾ ആയിരുന്നു.

ഇനി ഭരതത്തിലെ കല്ലൂർ ഗോപിനാഥൻറെ കാര്യം എടുത്താൽ, താൻ ദൈവ തുല്യൻ ആയി കാണുന്ന, ഗുരുവും ജേഷ്ടനുമായ കല്ലൂർ രാമനാഥൻറെ അപകട മരണം ചില പ്രത്യേക സാഹചര്യങ്ങൾ മൂലം മറച്ചുവെയ്ക്കേണ്ടി വന്ന ഒരു മനുഷ്യൻറെ മാനസിക പിരിമുറുക്കങ്ങൾ ആണ് ഗോപിനാഥനിൽ നമുക്ക് കാണാൻ സാധിക്കുന്നത്. സഖാവ് നെട്ടൂരാനെ നോക്കൂ, ഒരു ശക്തൻ ആയ കമ്മ്യൂണിസ്റ്റ് നേതാവിൻറെ ഭാവം ആണ് അയാൾക്ക്‌. നെട്ടൂരാനെ വെല്ലുന്നൊരു comrade മലയാളത്തിൽ വേറെ ഇല്ല എന്നുതന്നെ പറയാം. ഈ പറഞ്ഞ കഥാപാത്രങ്ങൾ എല്ലാം വെറും വേഷപകർച്ചകൾ അല്ല, ഭാവ പകർച്ചകൾ ആണ്. പല സാഹചര്യങ്ങളിൽകൂടി കടന്നു പോകുന്ന ഈ കഥാപാത്രങ്ങൾക്ക് അവരുടെ മാനസിക അവസ്ഥയ്ക്ക് അനുയോജ്യം ആയ ഭാവങ്ങൾ പകർന്നു കൊടുത്തു ജീവൻ നൽകുകയാണ് മോഹൻലാൽ ചെയ്യ്തത്.

തൻറെ വ്യക്തിത്വത്തിൻറെ അംശങ്ങൾ അങ്ങനെ തന്നെ നിലനിർത്തിക്കൊണ്ടാണ് മുകളിൽ പറഞ്ഞ ഓരോ കഥാപാത്രങ്ങളേയും സൂക്ഷ്മമായ ഭാവങ്ങളിലൂടെ പല ധ്രുവങ്ങളിൽ നിന്ന് ലാൽ പകർന്നാടിയതു. അതൊരു പരിമിതിയോ പോരായ്മയോ അല്ല, തേനീച്ചകളെ പൂക്കളിലേക്കു ആകർഷിക്കുന്ന തേൻപോലെ, പ്രേക്ഷകനെ ലാലിലേക്ക് ആകർഷിക്കുന്ന ഒരു ഘടകം ആണ്. പക്ഷെ ഈ ഘടകം ഒരു പരിധി വിട്ടു പോയി എന്നുള്ളതാണ് സത്യം. ലാലിൻറെ കഥാപാത്രങ്ങൾ “typecast” ചെയ്യപ്പെടാൻ തുടങ്ങി. പല കഥാപാത്രങ്ങളും മുൻപ് ചെയ്ത കഥാപാത്രങ്ങളുടെ നിഴലുകൾ ആയി. ആവർത്തന വിരസത പ്രേക്ഷകന് നല്ലതുപോലെ അനുഭവപ്പെട്ടു. പൂവള്ളി ഇന്ദുചൂഡനെ തന്നെ പുലിക്കാട്ടിൽ ചാർളി ആയും, അലിഭായ് ആയും, സഖീർ ഉസൈൻ ആയും എല്ലാം പറിച്ചു നട്ടു. എങ്കിലും ലാലിനെ നടനെ ചൂഷണം ചെയ്യുന്ന കഥാപാത്രങ്ങൾ ഇടയ്ക്കിടെ വന്നുപോയി.

ഇനി മോഹൻലാൽ എന്ന വ്യക്തിയുടെ അഭാവമുള്ള കഥാപാത്രങ്ങളിലൂടെ നമുക്കൊന്ന് സഞ്ചരിക്കാം. പാദമുദ്രയിലെ മാതു പണ്ടാരം, പാദമുദ്രയിലെ സോപ്പ് കുട്ടപ്പൻ, രാജശില്പിയിലെ ശംഭു, സദയത്തിലെ സത്യനാഥൻ, കമലദളത്തിലെ നന്ദഗോപൻ, അഹത്തിലെ സിദ്ധാർത്ഥൻ, തന്മാത്രയിലെ രമേശൻ നായർ, വാനപ്രസ്ഥത്തിലെ കുഞ്ഞിക്കുട്ടൻ, ഇരുവറിലെ ആനന്ദൻ, വടക്കുംനാഥനിലെ ഭരത പിഷാരടി, ഭ്രമരത്തിലെ ശിവൻ കുട്ടി, മാടമ്പിയിലെ ഗോപാലകൃഷ്ണ പിള്ള, പ്രണയത്തിലെ മാത്യൂസ്, സ്പിരിറ്റിലെ രഘുനന്ദൻ, വില്ലനിലെ മാത്യു മാഞ്ഞൂരാൻ തുടങ്ങിയെ ഏതു കഥാപാത്രം എടുത്താലും മോഹൻലാൽ എന്ന വ്യക്തിയുടെ ഒരു അംശംപോലും നമുക്ക് കാണാൻ സാധിക്കില്ല. ഇതിൽ വിസ്മയിപ്പിക്കുന്ന ഒരു കാര്യം പടി പടി ആയി ഓർമ്മ നഷ്ടപ്പെടുന്ന രമേശൻ നായർ ആയി മോഹൻലാൽ പകർന്നാടിയതു ബ്ലെസ്സി നൽകിയ വെറും ക്യാരക്ടർ സ്കെച്ച് ഉപയോഗിച്ച് മാത്രം. അതെ ബ്ലെസ്സിയുടെ ഭ്രമരത്തിൽ ഒരു ആവറേജ് സ്ക്രിപ്റ്റിൻറെ പരിമിതികളെ കാറ്റിൽ പറത്തികൊണ്ടായിരുന്നു ശിവൻകുട്ടി ആയുള്ള വൺമാൻ ഷോ നമ്മൾ കണ്ടത്. പാദമുദ്രയിൽ അച്ഛനായും മകനായും പകർന്നാടിയതു ഒരു മോഹൻലാൽ തന്നെ ആണോ എന്നതാണ് എന്നെ അതിശയിപ്പിക്കുന്ന മറ്റൊരു കാര്യം. സദയത്തിൽ സത്യനാഥൻ ഇമോഷനുകൾ അണ്ടർപ്ലേ ചെയ്യുന്ന രംഗങ്ങൾ മാത്രം കണ്ടാൽമതി ലാലിൻറെ അഭിനയം ഇന്ത്യൻ സ്റ്റാൻഡേർഡിനും എത്രയോ മുകളിൽ ആണെന്ന് നമുക്ക് മനസ്സിലാകും. വാനപ്രസ്ഥത്തിൻറെ ചിത്രീകരണത്തിനിടയിൽ ഒരു ഫ്രഞ്ച് ടെക്‌നിഷ്യൻ പറഞ്ഞതുപോലെ He is the man born in the wrong side of the world; if he was from the other country he would have already had an Oscar. ഇരുവർ അമേരിക്കയിൽ പ്രദർശിപ്പിച്ചപ്പോൾ ടൈം മാഗസിൻ പോലും പറഞ്ഞു “Mohanlal : India’s answer to Marlon Brando”. അതുപോലെ നമുക്ക് കിട്ടിയ മറ്റൊരു പ്രതീക്ഷയാണ് വില്ലനിലെ മാത്യു മാഞ്ഞൂരാൻ ” ഏകാധിപതികളോട് തോന്നുന്ന വീരാരാധന പോലൊരു മണ്ടത്തരം വേറെ ഇല്ല “.

ഒരു നടൻ തൻറെ വ്യക്തിത്വം തടഞ്ഞു നിർത്തിയതുകൊണ്ടു അയാൾ കഥാപാത്രം ആയി മാറണം എന്നില്ല. പ്രേക്ഷകൻ വ്യക്തിയെ മറന്നു കഥാപാത്രത്തെ ആസ്വദിക്കണം അപ്പോഴല്ലേ അതിനെ കഥാപാത്രം എന്ന് വിളിക്കാൻ സാധിക്കു. മോഹൻലാൽ ചെയ്യുമ്പോൾ അതൊക്കെ എങ്ങനെ ജീവസുറ്റ കഥാപാത്രങ്ങൾ ആയി മാറുന്നു ? ലോഹിതദാസ് പറഞ്ഞ ന്യൂനതയേ മോഹൻലാൽ വിരോധികൾ ഏറ്റുപിടിച്ചു. അതെ ലോഹിതദാസ് പറഞ്ഞ മറ്റൊരു കാര്യം ഉണ്ട് “പൂർവജന്മത്തിലോ മറ്റും അനുഭവിച്ചുട്ടുള്ളത് പോലെ ആണ് ലാൽ ഒരു കഥാപാത്രത്തെ മികച്ചതാക്കുന്നത്, അതായിരിക്കാം അയാളുടെ പ്രകടനം വളരെ സ്വാഭാവികം ആയി തോന്നുന്നത്”. അഭിനയകലയിലെ ചില ആചാര്യൻമാർ പറയുന്നതുപോലെ ഒരു നടന് കഥാപാത്രത്തെ തന്നിലേക്കു എത്തിക്കാം, അല്ലെങ്കിൽ കഥാപാത്രത്തിലേക്ക് ഇറങ്ങിച്ചെല്ലാം, ഒരു മികച്ച നടന് ഇതിൽ ഏതു അപ്പ്രോച്ചും സ്വീകരിക്കാം. ഒരു കഥാപാത്രത്തിൻറെ സോൾ നടനിലേക്കു പ്രവേശിക്കുമ്പോൾ, ആ വ്യക്തി വേറൊരാൾ ആയി പെരുമാറുന്നു അതാണ് മോഹൻലാലിന് പോലും വിശദീകരിക്കാൻ അറിയാത്ത “Mohanlal Approach”.

” കഥ കേട്ട്, കഥ കേട്ട്, കഥ കെട്ടുറങ്ങി. മോളും പേടിക്കണം, വലുതാകുമ്പോൾ രക്ഷപെടാൻ ആകില്ല. തെരുവ് പിള്ളേർക്ക് പരിഹസിക്കാൻപാകത്തിൽ തന്തയാരെന്നു അറിയാതൊരെണ്ണത്തിനെ മോളും കാനേഷുമാരി പട്ടികയിലേക്ക് ചേർക്കും അല്ലെ?
– സത്യനാഥൻ, സദയം “

Credits: Unknown