മരക്കാർ സ്മാരകത്തിന് മുന്നിൽ വെച്ച് മരക്കാർ ടിക്കറ്റ് വിതരണം നടത്തി മോഹൻലാൽ ആരാധകർ; ഉത്‌ഘാടനം ചെയ്തത് കെ മുരളീധരൻ എം പി

മരക്കാർ സ്മാരകത്തിന് മുന്നിൽ വെച്ച് മരക്കാർ ടിക്കറ്റ് വിതരണം നടത്തി മോഹൻലാൽ ആരാധകർ; ഉത്‌ഘാടനം ചെയ്തത് കെ മുരളീധരൻ എം പി

February 14, 2020 0 By SACHIN

മലയാള സിനിമയുടെ ചരിത്രത്തിലെ എക്കാലത്തേയും ഏറ്റവും വലിയ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹം അടുത്ത മാസം 26 നു റിലീസ് ചെയ്യാൻ പോവുകയാണ്. കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായി എത്തുന്ന ഈ ചിത്രം സംവിധാനം ചെയ്തത് പ്രിയദർശനാണ്. നൂറു കോടി രൂപ ബഡ്ജറ്റില് ഒരുക്കിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ്. അദ്ദേഹത്തിനൊപ്പം കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോക്ടർ സി ജെ റോയ്, മൂൺ ഷോട്ട് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള എന്നിവരും ഈ ചിത്രത്തിന്റെ നിർമ്മാണ പങ്കാളികളായുണ്ട്. ഇപ്പോൾ ഈ ചിത്രത്തിന്റെ ഫാൻസ്‌ ഷോകൾ സംഘടിപ്പിക്കുന്നതിന്റെ തിരക്കിലാണ് മോഹൻലാൽ ആരാധകർ. വെളുപ്പിന് പന്ത്രണ്ടു മണി മുതൽ തന്നെ ഇതിന്റെ ഫാൻസ്‌ ഷോകൾ ആരംഭിക്കും.

ഇപ്പോൾ തന്നെ കേരളത്തിൽ ഏറ്റവും കൂടുതൽ ഫാൻസ്‌ ഷോകൾ സംഘടിപ്പിച്ച ചിത്രമായി മരക്കാർ മാറിക്കഴിഞ്ഞു. 409 ഫാൻസ്‌ ഷോകൾ സംഘടിപ്പിച്ച മോഹൻലാലിന്റെ തന്നെ ഒടിയൻ സ്ഥാപിച്ച റെക്കോർഡ് റിലീസിന് ഒരു മാസം മുൻപ് തന്നെ മരക്കാർ തകർത്തു കഴിഞ്ഞു. ഇപ്പോഴിതാ മോഹൻലാൽ ഫാൻസ്‌ വടകര ഏരിയ കമ്മിറ്റി ഈ ചിത്രത്തിന്റെ ഫാൻസ്‌ ഷോ ടിക്കറ്റ് വിതരണത്തിന് തുടക്കം കുറിച്ചത് കോട്ടക്കലിൽ ഉള്ള കുഞ്ഞാലി മരക്കാർ സ്മാരക മ്യൂസിയത്തിന്റെ മുന്നിൽ വെച്ചാണ്. കെ മുരളീധരൻ എം പി യാണ് ഈ ചിത്രത്തിന്റെ ആദ്യ ടിക്കറ്റ് കോട്ടക്കൽ സ്വദേശിയായ സി പി കുഞ്ഞാമുവിന് കൈമാറി ഉത്‌ഘാടനം നിർവഹിച്ചത്. എസ് സുഗീത്, വാർഡ് കൗൺസിലർ പടന്നയിൽ പ്രഭാകരൻ, പ്രസാദ് തവനൂർ, കെ കെ സന്ദീപ്, വി കെ ആനന്ദ്, കെ സി ശ്രീജേഷ് , കെ സുമേഷ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.

വടകര ഉള്ള തീയേറ്ററിൽ 26 വെളുപ്പിന് 12 എ എം മുതൽ 24 മണിക്കൂർ നീളുന്ന മാരത്തോൺ പ്രദർശനമാണ് സംഘടിപ്പിക്കുക എന്നും ഫാൻസ്‌ അസോസിയേഷൻ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്. മോഹൻലാലിനൊപ്പം ഒരു വലിയ താരനിര തന്നെ അണിനിരക്കുന്ന ഈ ചിത്രം കുഞ്ഞാലി മരക്കാർ നാലാമന്റെ കഥയാണ് പറയുന്നത്. അർജുൻ, സുനിൽ ഷെട്ടി, പ്രഭു, മഞ്ജു വാര്യർ, കീർത്തി സുരേഷ്, നെടുമുടി വേണു, അശോക് സെൽവൻ, ഇന്നസെന്റ്, മുകേഷ്, പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, സുഹാസിനി തുടങ്ങി ഒട്ടേറെ താരങ്ങൾ ഈ ചിത്രത്തിലഭിനയിക്കുന്നുണ്ട്. തിരു കാമറ ചലിപ്പിച്ച ഈ ചിത്രത്തിന് വേണ്ടി ഗാനങ്ങൾ ഒരുക്കിയത് റോണി റാഫേലാണ്.