മോഹൻലാൽ ഒരു മഹാവിസ്മയവും മലയാളികളുടെ ചങ്കും ചങ്കിടിപ്പുമെന്നു മഞ്ജു  വാര്യർ..!

മോഹൻലാൽ ഒരു മഹാവിസ്മയവും മലയാളികളുടെ ചങ്കും ചങ്കിടിപ്പുമെന്നു മഞ്ജു വാര്യർ..!

February 19, 2018 0 By admin

പ്രശസ്ത സംവിധായകനായ സാജിദ് യഹിയ ഒരുക്കിയ പുതിയ ചിത്രമാണ് മോഹൻലാൽ. ഇടി എന്ന ജയസൂര്യ ചിത്രത്തിന് ശേഷം സാജിദ് യഹിയ ഒരുക്കിയ ഈ ചിത്രത്തിൽ മഞ്ജു വാര്യരും ഇന്ദ്രജിത് സുകുമാരനും ആണ് മുഖ്യ വേഷങ്ങളിൽ എത്തുന്നത്. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ ആദ്യമായാവും ഒരുപക്ഷെ ഒരു നടന്റെ പേരിൽ ഒരു ചിത്രം ഇറങ്ങാൻ പോകുന്നത്. കടുത്ത മോഹൻലാൽ ആരാധികയായ മീനുക്കുട്ടി എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലൂടെ വികസിക്കുന്ന ഒരു കമ്പ്ലീറ്റ് എന്റെർറ്റൈനെർ ആണ് ഈ ചിത്രം. സുനീഷ് വാരനാട്‌ തിരക്കഥ രചിച്ച ഈ ചിത്രത്തിന്റെ ടീസർ ലോഞ്ച് കഴിഞ്ഞ ദിവസം എറണാകുളം ലുലു മാളിൽ വെച്ച് വമ്പൻ പ്രേക്ഷക പങ്കാളിത്തത്തോടെ നടന്നു. ഇന്ദ്രജിത്തും മഞ്ജു വാര്യരും അടക്കം ഈ ചിത്രത്തിലെ അഭിനേതാക്കളും അണിയറ പ്രവർത്തകരുമെല്ലാം പങ്കെടുത്ത ഈ ചടങ്ങിൽ മോഹൻലാലിനെ കുറിച്ച് മഞ്ജു വാര്യർ പറഞ്ഞ വാക്കുകൾ ഏവരിലും ആവേശം പടർത്തി.

തന്റെ ചങ്കും ചങ്കിടിപ്പും ആണ് ലാലേട്ടൻ എന്ന് പറഞ്ഞ മഞ്ജു പറയുന്നത് ഓരോ മലയാളിയും കഴിഞ്ഞ നാല് പതിറ്റാണ്ടായി തങ്ങളുടെ ചങ്കിടിപ്പ് പോലെ കൊണ്ട് നടക്കുന്ന പേരാണ് മോഹൻലാൽ എന്നാണ്. ലോക സിനിമയിലെ തന്നെ മഹാവിസ്മയങ്ങളിൽ ഒന്നാണ് മോഹൻലാൽ എന്ന് അഭിപ്രായപ്പെട്ട മഞ്ജു, ഈ ചിത്രത്തിന് തന്റെ പേര് ഉപയോഗിക്കാൻ അനുവാദം തന്നു തങ്ങൾക്കു എല്ലാ പിന്തുണയും ആശീർവാദവും തന്ന മോഹൻലാലിന് സ്വന്തം പേരിലും ഈ ചിത്രത്തിന്റെ അണിയറ പ്രവർത്തകരുടെ പേരിലും ഉള്ള നന്ദിയും അറിയിച്ചു.

മോഹൻലാലിൻറെ ചെറുപ്പകാലം അവതരിപ്പിച്ചു കൊണ്ടാണ് താൻ ബാലതാരം ആയി അഭിനയിച്ചു സിനിമയിൽ എത്തിയതെന്ന് ഓർത്തെടുത്ത ഇന്ദ്രജിത് പറഞ്ഞത് മോഹൻലാൽ എന്ന ഈ ചിത്രം ഈ മഹാനടന് ഉള്ള ഒരു ട്രിബ്യൂട്ട് ആണ് എന്നാണ്. മോഹൻലാൽ ചിത്രങ്ങളിലൂടെയും കഥാപാത്രങ്ങളിലൂടെയും സഞ്ചരിച്ചു കൊണ്ട് കഥ പറയുന്ന ഈ ചിത്രം ഓരോ പ്രേക്ഷകനേയും സന്തോഷിപ്പിക്കുമെന്നും ഇന്ദ്രജിത് പറയുന്നു. കുഞ്ഞുനാൾ മുതലേ നെഞ്ചിനുള്ളിൽ കൊണ്ട് നടന്ന മോഹൻലാൽ എന്ന ആ വിസ്മയത്തിന്റെ പേര് ഉപയോഗിച്ച് ഒരു ചിത്രം ചെയ്യാൻ സാധിച്ചത് പൂർവ്വജന്മ പുണ്യം ആണെന്ന് സംവിധായകൻ സാജിദ് യഹിയയും പറഞ്ഞു.