പ്രിത്വി രാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ലൂസിഫർ ജൂണിൽ..!

പ്രിത്വി രാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ലൂസിഫർ ജൂണിൽ..!

February 15, 2018 0 By admin

യുവ സൂപ്പർ താരമായ പ്രിത്വി രാജ് സുകുമാരൻ സംവിധായകനായി അരങ്ങേറാൻ പോകുന്ന കാര്യം നമുക്കെല്ലാവർക്കും അറിയാം. മലയാള സിനിമയുടെ താര ചക്രവർത്തിയായ മോഹൻലാലിനെ നായകനാക്കി ലൂസിഫർ എന്ന ചിത്രമൊരുക്കിയാണ് പ്രിത്വി രാജ് സംവിധായകൻ ആവുന്നത്. മുരളി ഗോപി തിരക്കഥ രചിക്കുന്ന ഈ ചിത്രം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മിക്കാൻ പോകുന്നത്. ഈ ചിത്രത്തിന്റെ ഷൂട്ടിങ് വരുന്ന ജൂൺ മാസത്തിൽ തന്നെ ആരംഭിക്കും എന്ന് നിർമ്മാതാവായ ആന്റണി പെരുമ്പാവൂർ വെളിപ്പെടുത്തി.

ബ്ലെസി ഒരുക്കുന്ന ആട് ജീവിതത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കിയതിനു ശേഷം പ്രിത്വി രാജ് ലൂസിഫറിന്റെ ജോലികളിലേക്ക് കടക്കും. മോഹൻലാലിനെ കൂടാതെ ഈ ചിത്രത്തിൽ ടോവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ എന്നിവരും ഉണ്ടാകും എന്ന് റിപ്പോർട്ടുകൾ ഉണ്ട്. ഇവരെ കൂടാതെ മലയാള സിനിമയിലെ മറ്റൊരു പ്രമുഖ യുവ താരവും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗം ആയിരിക്കുമെന്നാണ് വിവരങ്ങൾ ലഭിക്കുന്നത്. ഇപ്പോൾ തിരക്കഥാ രചനയുടെ ഫൈനൽ സ്റ്റേജിൽ ഉള്ള ഈ ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നുണ്ട് എന്നാണ് സൂചന.

അജോയ് വർമ്മ ഒരുക്കുന്ന നീരാളി, റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന കായംകുളം കൊച്ചുണ്ണി , ശ്രീകുമാർ മേനോന്റെ ഒടിയൻ , ഭദ്രൻ ഒരുക്കുന്ന ചിത്രം എന്നിവ പൂർത്തിയാക്കിയതിനു ശേഷം മോഹൻലാൽ ലുസിഫെറിൽ ജോയിൻ ചെയ്യും. രഞ്ജിത് സംവിധാനം ചെയ്യുന്ന ഒരു ബിലാത്തി കഥ എന്ന ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷം ചെയ്യുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. അതുപോലെ തന്നെ റെജീഷ് മിഥിലയുടെ വാരിക്കുഴിയിലെ കൊലപാതകം, എം പദ്മകുമാർ ഒരുക്കുന്ന അറബിക്കടലിന്റെ റാണി എന്നീ ചിത്രങ്ങളിലും അതിഥി വേഷം ചെയ്യാൻ മോഹൻലാലിനെ സമീപിച്ചിട്ടുണ്ട് എന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്.