
120 ദിവസങ്ങൾ പൂർത്തിയാക്കി ലൂസിഫർ; തീയേറ്റർ ആഘോഷത്തിൽ പങ്കെടുത്തു മുരളി ഗോപിയും..!
July 25, 2019മലയാള സിനിമയിലെ എക്കാലത്തേയും വലിയ വിജയമായി മാറിയ മോഹൻലാൽ ചിത്രം ലൂസിഫർ 120 ദിവസങ്ങൾ കേരളത്തിലെ എ ക്ലാസ് തീയേറ്ററിൽ പൂർത്തിയാക്കി. ചങ്ങരംകുളം മാർസ് സിനിമാസിൽ ആണ് ലൂസിഫർ ഈ നേട്ടം ആഘോഷിച്ചത്. ഈ തീയേറ്ററിൽ തന്നെ തുടർച്ചയായി 118 മണിക്കൂർ ലൂസിഫർ പ്രദർശിപ്പിച്ചു റെക്കോർഡും സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇവിടെ നടന്ന വിജയാഘോഷത്തിൽ ലൂസിഫറിന്റെ രചയിതാവ് മുരളി ഗോപി, പ്രശസ്ത സംവിധായകൻ രതീഷ് അമ്പാട്ട് എന്നിവർ പങ്കെടുത്തു. അവിടെ വെച്ച് പ്രേക്ഷകരോടൊപ്പം മുരളി ഗോപി ലൂസിഫറിന്റെ പ്രദർശനം ആസ്വദിക്കുകയും ചെയ്തു. തന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജ് വഴി അവിടെ നടന്ന ആഘോഷത്തിന്റെ ചിത്രങ്ങൾ മുരളി ഗോപി പങ്കു വെച്ചിട്ടുമുണ്ട്.
“ചങ്ങരംകുളം മാർസ് സിനിമാസിൽ ലൂസിഫർ 118 മണിക്കൂർ തുടർച്ചയായി പ്രദർശിപ്പിച്ച് റെക്കോർഡ് ഇട്ടിരുന്നു. ചിത്രം പ്രദർശനം തുടങ്ങി 120 ദിവസങ്ങൾ പൂർത്തിയാകുന്ന വേളയിൽ, ഇന്നലെ മാർസ് സിനിമാസ് സംഘടിപ്പിച്ച ആഘോഷത്തിൽ പ്രിയ സുഹൃത്ത് രതീഷ് അമ്പാട്ടിനോടൊപ്പം പങ്കെടുക്കാൻ സാധിച്ചതിലും അവിടുത്തെ കറയറ്റ ദൃശ്യ-ശ്രവ്യ സംവിധാനങ്ങളിലൂടെ, നിറഞ്ഞ സദസ്സിനോടൊപ്പം, സിനിമ കാണാനും സാധിച്ചതിൽ വലിയ സന്തോഷം. തിയേറ്റർ ഉടമ അജിത്തിനും അവിടുത്തെ ഓരോ ജീവനക്കാരനും ജീവനക്കാരിക്കും, ലൂസിഫറിനെ നെഞ്ചിലേറ്റിയ എല്ലാ നാട്ടുകാർക്കും ഹൃദയം നിറഞ്ഞ നന്ദി.”