‘ഞാന്‍ കാണാത്ത ശിവന്‍’ ശിവസുന്ദറിനെകുറിച്ച് ലാലേട്ടന്‍..!!

‘ഞാന്‍ കാണാത്ത ശിവന്‍’ ശിവസുന്ദറിനെകുറിച്ച് ലാലേട്ടന്‍..!!

March 12, 2018 0 By admin

കേരളത്തിലെ ആന പ്രേമികളുടെ ഹൃദയം കവര്‍ന്ന ഗജ വീരനായിരുന്നു തിരുവമ്പാടി ശിവസുന്ദര്‍. കഴിഞ്ഞ ദിവസം ചരിഞ്ഞ ശിവനെകുറിച്ചു മനോരമക്ക് വേണ്ടി മോഹന്‍ലാല്‍ എഴുതിയ ഓര്‍മ്മകുറിപ്പ്.

ആനയ്ക്കു വേണ്ടി ഓർമക്കുറിപ്പെഴുതുക എന്നത് ആദ്യമായാണ്. ഇനി ചെയ്യാനും ഇടയില്ല. ഞാൻ തിരുവമ്പാടി ശിവസുന്ദറിനെ കണ്ടിട്ടില്ല. ഇനി കാണാൻ കഴിയുകയുമില്ല. ശിവൻ ഇനി ഉണ്ടാകില്ല എന്നറിയുമ്പോൾ എവിടെയോ ഒരു വേദന ബാക്കിയാകുന്നു. കഴിഞ്ഞ ആഴ്ച തൃശൂരിൽ വന്നപ്പോൾ ഞാൻ തിരുവമ്പാടിക്കു മുന്നിലൂടെ പോയതാണ്. അപ്പോഴും ആ ആനയെ ഓർത്തു. ശിവനെ തിരുമ്പാടിയിലേക്കു വാങ്ങാൻ തീരുമാനിച്ച സമയത്താണു തൃശൂരിൽ വച്ചു പ്രമുഖ ആനപ്രേമിയും ആന ഉടമയുമായ ആനഡേവിസിനെ പരിചയപ്പെട്ടത്.

അദ്ദേഹം സംസാരിച്ചതു ശിവനെക്കുറിച്ചു മാത്രമാണ്. മറ്റു കാര്യമൊന്നും പറഞ്ഞില്ല. അതു വളരെ ചെറിയൊരു കൂടിക്കാഴ്ചയായിരുന്നു. അന്നു മുതൽ ശിവനെ നേരിൽ കാണണമെന്ന മോഹം മനസ്സിലുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളിൽനിന്നു രൂപപ്പെട്ട ഒരു ചിത്രമുണ്ട് മനസിൽ. പക്ഷേ, ഒരിക്കലും ആ ‘ചിത്രം’ നേരിൽ കാണാൻ ഭാഗ്യമുണ്ടായില്ല. പൂരത്തെക്കുറിച്ചു വായിക്കുമ്പോഴൊക്കെ ഞാൻ ശിവനെ ഓർത്തിരുന്നു. കാണാതെ പോയതുകൊണ്ട് എന്റെ മനസിലെ ചിത്രം ചെറുതായില്ല.

കൂടുതൽ കൂടുതൽ വലുതായിട്ടുണ്ടെന്നതാണു സത്യം. 46 വയസ്സ് ചരിയാനുള്ള പ്രായമല്ല. പക്ഷേ, അസുഖം ശിവനെ കൊണ്ടുപോയി. ചികിത്സയിലായിരുന്നുവെങ്കിലും രണ്ടു ദിവസം മുൻ‌പു വരെ കുളിക്കുകയും നടക്കുകയും ചെയ്തുവെന്നു സുഹൃത്തുക്കൾ പറഞ്ഞു. ഇതിനെയാകാം ‘അനായാസേന മരണം’ എന്നു പറയുന്നത്. ഓരോരുത്തരും പ്രാർഥിക്കുന്നത് അതിനു വേണ്ടിയാണല്ലോ. എത്രയോ കാലം ദേവീദേവന്മാരുടെ തിടമ്പേറ്റിയ ശിവനും അങ്ങനെ പ്രാർഥിച്ചു കാണും. ഗുരുവായൂർ കേശവൻ വിട്ടുപോയതു പുലർച്ചെ മൂന്നിനാണ്. അതേ സമയത്തു തന്നെ ശിവനും നമ്മെ വിട്ടുപോയി. പുണ്യജന്മം.