ആ ടീസർ ആദ്യം അയച്ചു കൊടുത്തത് ലാലേട്ടന്; വെളിപ്പെടുത്തലുമായി ഇന്ദ്രജിത് സുകുമാരൻ.

ആ ടീസർ ആദ്യം അയച്ചു കൊടുത്തത് ലാലേട്ടന്; വെളിപ്പെടുത്തലുമായി ഇന്ദ്രജിത് സുകുമാരൻ.

December 15, 2019 0 By SACHIN

മലയാളത്തിന്റെ യുവ താരം ഇന്ദ്രജിത് സുകുമാരൻ അഭിനയിച്ച തമിഴ് വെബ് സീരിസ് ആയ ക്വീൻ രണ്ടു ദിവസം മുൻപാണ് റിലീസ് ചെയ്തത്. ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ ഈ വെബ് സീരിസിൽ അന്തരിച്ചു പോയ പ്രശസ്ത നടിയും മുൻ തമിഴ് നാട് മുഖ്യമന്ത്രിയും ആയിരുന്ന ജയലളിതയുടെ ജീവിത കഥയാണ് പറയുന്നത്. ഇതിൽ എം ജി ആർ ആയി ആണ് ഇന്ദ്രജിത് സുകുമാരൻ പ്രത്യക്ഷപ്പെടുന്നത്. ഇപ്പോൾ മികച്ച അഭിപ്രായം നേടുന്ന ഈ വെബ് സീരിസിന്റെ ടീസർ ആദ്യം പുറത്തു വന്നപ്പോൾ താനത് ഏറ്റവും ആദ്യം അയച്ചു കൊടുത്തത് ലാലേട്ടന് ആണെന്നും ലാലേട്ടൻ അത് കണ്ടു തന്നെ അനുമോദിച്ചു എന്നും ഇന്ദ്രജിത് പറയുന്നു.

23 വർഷങ്ങൾക്കു മുൻപ് പ്രശസ്ത സംവിധായകൻ മണി രത്‌നം എം ജി ആർ – കരുണാനിധി ബന്ധത്തെ ആസ്‍പദമാക്കി ഇരുവർ എന്ന ചിത്രം ഒരുക്കിയപ്പോൾ അതിൽ എം ജി ആർ ആയി അഭിനയിച്ചത് മോഹൻലാൽ ആയിരുന്നു. ഇന്ത്യൻ സിനിമയിലെ തന്നെ ഒരു നടന്റെ എക്കാലത്തേയും മികച്ച പ്രകടനങ്ങളിൽ ഒന്നായാണ് ആ ചിത്രത്തിലെ മോഹൻലാലിന്റെ പ്രകടനം വിലയിരുത്തപ്പെടുന്നത്. മാത്രമല്ല, ഇരുവർ എന്ന ചിത്രം ഇന്ത്യൻ സിനിമയിലെ ക്ലാസ്സിക്കുകളിൽ ഒന്നായി മാറുകയും ചെയ്തു. ലോക സുന്ദരി ഐശ്വര്യ റായിയുടെ ആദ്യ ചിത്രം ആയിരുന്നു ഇരുവർ. പ്രകാശ് രാജ് ആണ് അതിൽ കരുണാനിധിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചത്.

ഏതായാലൂം തമിഴ് നാട് മുഖ്യമന്ത്രിയും തമിഴ് നാട് കണ്ട ഏറ്റവും വലിയ താരങ്ങളിൽ ഒരാളുമായ എം ജി ആറിനെ വെള്ളിത്തിരയിൽ അവതരിപ്പിക്കാൻ ഭാഗ്യം ലഭിച്ചത് മലയാളി ആയ മോഹൻലാലിന്. ഇപ്പോഴിതാ അതെ ഭാഗ്യം ക്വീൻ എന്ന വെബ് സീരിസിലൂടെ ഇന്ദ്രജിത്തിനെയും തേടി എത്തിയിരിക്കുന്നു. രമ്യ കൃഷ്ണൻ ആണ് ഈ വെബ് സീരിസിൽ ജയലളിത ആയി എത്തിയിരിക്കുന്നത്. ഉടൻ ആരംഭിക്കാൻ പോകുന്ന മോഹൻലാൽ- ജീത്തു ജോസഫ് ചിത്രത്തിൽ ഇന്ദ്രജിത് ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട് എന്നാണ് സൂചന.