മലയാള സിനിമയിൽ പുതിയ ചരിത്രം; അവസാനിക്കാത്ത വിജയ ചരിത്രവുമായി പുലി മുരുകൻ വീണ്ടും.

മലയാള സിനിമയിൽ പുതിയ ചരിത്രം; അവസാനിക്കാത്ത വിജയ ചരിത്രവുമായി പുലി മുരുകൻ വീണ്ടും.

February 15, 2020 0 By SACHIN

മലയാള സിനിമയുടെ ചരിത്രത്തിലെ ഇപ്പോഴത്തെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയമാണ് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായ പുലി മുരുകൻ. ഉദയ കൃഷ്ണ രചിച്ചു വൈശാഖ് സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചത് മുളകുപാടം ഫിലിമ്സിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടമാണ്. നാല് വർഷം മുൻപ് ഒരു ഒക്ടോബർ മാസത്തിൽ റിലീസ് ചെയ്ത ഈ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി നൂറു കോടി കളക്ഷൻ നേടുന്ന ചിത്രമായി മാറി. അതിനൊപ്പം കേരളത്തിലും കേരളത്തിന് പുറത്തും വിദേശത്തുമെല്ലാം ഈ ചിത്രം സൃഷ്‌ടിച്ച റെക്കോർഡുകൾ അനവധി. മാത്രമല്ല, ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിലും ഇടം പിടിക്കാൻ സാധിച്ച ഒരു ചിത്രം കൂടിയാണ് ഇത്. കേരളത്തിൽ നിന്ന് 86 കോടിയോളം രൂപ കളക്ഷൻ നേടിയ ഈ ചിത്രം ആഗോള കളക്ഷൻ ആയി നേടിയത് 143 കോടി രൂപയാണ്.

ഇപ്പോഴിതാ റിലീസ് ചെയ്തു നാല് വർഷം കഴിയുമ്പോഴും പുതിയ ചരിത്രങ്ങൾ സൃഷ്ടിക്കുകയാണ് പുലി മുരുകൻ. ഈ ചിത്രത്തിന്റെ ഹിന്ദി ഡബ്ബ് പതിപ്പിന് യൂട്യൂബില്‍ 60 മില്യന്‍ കാഴ്ചക്കാരെയാണ് ലഭിച്ചിരിക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി ആണ് ഒരു ചിത്രത്തിന്റെ ഹിന്ദി ഡബ്ബിങ് പതിപ്പിന് യൂട്യൂബിൽ നിന്ന് ഇത്രയധികം കാഴ്ചക്കാരെ ലഭിക്കുന്നത്. മോഹൻലാൽ ചിത്രങ്ങളുടെ ഹിന്ദി ഡബ്ബിങ് പതിപ്പിന് മലയാള സിനിമയിൽ നിന്നുള്ള മറ്റാരുടെ ചിത്രങ്ങളേക്കാളും വലിയ സ്വീകാര്യതയാണ് ലഭിക്കാറ്‌. മോഹൻലാൽ ചിത്രങ്ങളായ വില്ലൻ, ലൂസിഫർ എന്നിവയുടെ ഹിന്ദി ഡബ്ബിങ് പതിപ്പും വമ്പൻ സ്വീകാര്യതയാണ് നേടിയെടുത്തിട്ടുള്ളത്.

ഷേര്‍ കാ ശിക്കാര്‍ എന്ന പേരിലാണ് യൂട്യൂബില്‍ പുലിമുരുകന്‍ ഹിന്ദി റിലീസ് ചെയ്തത്. ബോക്സ് ഓഫിസിലും യൂട്യുബിലും മാത്രമല്ല മിനി സ്ക്രീനിലും ഈ ചിത്രത്തിന്റെ കയ്യിലാണ് മലയാളത്തിലെ റെക്കോർഡുകൾ. ടെലിവിഷൻ പ്രീമിയറിൽ ഏറ്റവും കൂടുതൽ റേറ്റിങ് ലഭിച്ച മലയാള ചിത്രം എന്ന റെക്കോർഡും പുലി മുരുകന് ആണ്. രണ്ടാം തവണ ഈ ചിത്രം ടെലിവിഷനിൽ വന്നപ്പോഴും റെക്കോർഡ് റേറ്റിംഗ് ആണ് ഇതിനു ലഭിച്ചത്. ഇന്ത്യ മുഴുവൻ വമ്പൻ സ്വീകാര്യത ലഭിച്ച ബാഹുബലിക്ക് പോലും പുലി മുരുകന് ലഭിച്ച സ്വീകാര്യത കേരളത്തിൽ നേടാനായില്ല എന്നത് ഒരു സത്യമായി തന്നെ നിലനിൽക്കുകയാണ്.