ഏപ്രില്‍ 13, 1993 ‘മംഗലശ്ശേരി നീലകണ്ഠൻ’ പിറന്നുവീണ ദിനം…!!

ഏപ്രില്‍ 13, 1993 ‘മംഗലശ്ശേരി നീലകണ്ഠൻ’ പിറന്നുവീണ ദിനം…!!

April 13, 2018 0 By admin

April 13, 1993. മലയാള സിനിമക്കും – സിനിമാ പ്രേക്ഷകർക്കും ജീവനുള്ള കാലം മറക്കാൻ കഴിയാത്ത, എന്നും മനസ്സിൽ നിറഞ്ഞു നിൽക്കുന്ന വിഷുക്കണിയായി iv ശശി – രഞ്ജിത്ത്- മോഹൻലാൽ ടീം മലയാള സിനിമക്ക് നൽകിയ എവർഗ്രീൻ ക്‌ളാസ്സിക് കഥാപാത്രം

” മംഗലശ്ശേരി നീലകണ്ഠൻ ”
പിറന്നുവീണ ദിനം.

സ്ത്രൈണത കലർന്ന വില്ലനായി അഭിനയം തുടങ്ങിയ മോഹൻലാൽ മലയാള സിനിമ കണ്ട ഏറ്റവും കരുത്തനായ പുരുഷനായി നിറഞ്ഞാടിയ സിനിമ.

ദേവനും അസുരനുമായ നീലകണ്ഠന്റെ ജീവ ചരിതം. ” ദേവാസുരം”. 50 വർഷം നീണ്ടു നിന്ന മഹത്തായ സിനിമ ജീവിതത്തിൽ നിരവധി വൻ വിജയങ്ങൾ സ്വന്തമാക്കി എങ്കിലും iv ശശി എന്ന് കേട്ടാൽ ഓരോ പ്രേക്ഷകനും ആദ്യം ഓർമയിൽ ഓടിയെത്തുന്ന സിനിമ ദേവാസുരം ആയിരിക്കും. തീർച്ചയായും ദേവാസുരം എന്ന സിനിമയിലൂടെ iv ശശി എന്ന സംവിധായകന് മലയാളികൾ നൽകിയ ബഹുമാനം കുറച്ചൊന്നുമല്ല.

നിരവധി മാസ്സ് സിനിമകളും ക്ലാസ് സിനിമകളും ചെയ്തിട്ടുള്ള iv ശശിയുടെ ഉത്സവ സമാനമായ സിനിമാ ജീവിതത്തിലെ നെറ്റിപ്പട്ടം കെട്ടിയ എഴുന്നള്ളത് ആയി മാറുകയായിരുന്നു ദേവാസുരം എന്ന ക്‌ളാസ്സിക്.

പക്ഷെ മോഹൻലാലിനെ നായകനാക്കി തന്റെ ഏറ്റവും വലിയ വിജയം ഒരുക്കിയ പല സംവിധായകർക്കും സംഭവിച്ചത് iv ശശിക്കും സംഭവിച്ചു. ദേവാസുരത്തിനു ശേഷം പിന്നീട് ഒരിക്കലും iv ശശിക്ക് അതിനൊപ്പം നില്കുന്നതോ മുകളിൽ നില്കുന്നതോ ആയ ഒരു സിനിമയോ, വിജയമോ സ്വന്തമാക്കാൻ കഴിഞ്ഞില്ല – അതിനു കാരണം ഒരു പക്ഷെ ദേവാസുരം പോലെ ഒരു സിനിമ വർഷങ്ങൾ കൂടിയിരിക്കുമ്പോൾ സംഭവിക്കുന്ന മഹാത്ഭുതം ആയതു കൊണ്ട് തന്നെ ആയിരിക്കാം.

വില്ലനായും ഉപനായകനായും നായകനായും തമാശയും റൊമാന്സും മികച്ച പ്രകടനങ്ങളുമായി മലയാള സിനിമക്ക് പുതിയ താരമായി വളർന്നു വന്ന മോഹൻലാലിന് വില്ലത്തരം ഉള്ള പൗരുഷം ഉള്ള അഹങ്കാരിയും ചട്ടമ്പിയും തന്റെടിയുമായ നിരവധി കഥാപാത്രങ്ങൾ iv ശശിയുടെ സിനിമകളിലൂടെ തന്നെ കിട്ടിയത് യാദ്രിശ്ചികം ആകാം. മോഹൻലാലിൻറെ കഴിവുകൾ തിരിച്ചറിഞ്ഞു നല്ല വേഷങ്ങൾ നൽകാൻ iv ശശി പണ്ട് മുതലേ ശ്രദ്ധിച്ചിരുന്നു. ഉയരങ്ങളിൽ വാർത്ത തുടങ്ങിയ iv ശശി സിനിമകളിൽ നമ്മൾ കണ്ടു തുടങ്ങിയ വില്ലനായ നായക കഥാപാത്രങ്ങളുടെ കലാശകൊട്ടു ആയിരുന്നു നീലകണ്ഠൻ.

സ്ത്രൈണത കലർന്ന രൂപത്തിൽ വില്ലൻ വേഷം ചെയ്യുമ്പോൾ തന്നെ നാണം കുണുങ്ങിയായ കൊമേഡിയനായ നായകനിലേക്കും പൗരുഷം നിറഞ്ഞ രൂപത്തിലേക്കും ശബ്ദ ഘാംഭീര്യത്തിലേക്കും മോഹൻലാൽ നടന്നു കയറിയത് ഘട്ടം ഘട്ടം ആയിട്ടായിരുന്നു. ഉയരങ്ങളിൽ, വാർത്ത, രാജാവിന്റെ മകൻ, അദ്ധ്വിതം തുടങ്ങിയ നെഗറ്റീവ് ടച് ഉള്ള നായകനായ യാത്ര അവസാനിച്ചത് മറ്റൊരു പുതിയ മോഹൻലാലിനെ മലയാളത്തിന് സമ്മാനിച്ചു കൊണ്ടായിരുന്നു.

മലയാളത്തിന്റെ ആദ്യത്തെ ഫ്യൂഡൽ തെമ്മാടി ആയ നീലകണ്ഠൻ. ജന്മനാ കിട്ടിയ പരുക്കനായ രൂപവും ശബ്ദ ഗാഭീര്യവും കൊണ്ട് പരുക്കനായ പൗരുഷം ഉള്ള കഥാപാത്രങ്ങൾ കൂടുതൽ ഇണങ്ങുക സത്യൻ – മമ്മൂട്ടി – മുരളി തുടങ്ങിയ താരങ്ങൾക്കാണ് എന്ന മലയാള സിനിമ സങ്കല്പത്തെ തന്നെ തച്ചുടക്കുക ആയിരുന്നു മോഹൻലാൽ നീലകണ്ഠനിലൂടെ.

അതുവരെ ചെറിയ വിജയ ചിത്രങ്ങളും പരാജയ ചിത്രങ്ങളും രചിച്ച രഞ്ജിത്തിന്റെ ജീവിതത്തിലെ വഴിത്തിരിവ് ആയിരിന്നു ദേവാസുരം. ദേവാസുരത്തിന്റെ മഹാവിജയം അതെ പാതയിൽ ആറാം തമ്പുരാൻ, ഉസ്താദ്, നരസിംഹം, രാവണപ്രഭു തുടങ്ങിയ പല വിജയ ചിത്രങ്ങൾക്കും തുടക്കം ഇടുകയും ചെയ്തു. പലതും ദേവാസുരത്തിനെക്കളാൽ വലിയ വിജയമായി എങ്കിലും ഒരിക്കൽ പോലും ദേവാസുരം പോലെ ഒരു ക്‌ളാസ്സിക് സൃഷ്ട്ടി ആയില്ല.

ദേവാസുരത്തിനു മുൻപ് രഞ്ജിത്ത് iv ശശി ഒരുമിച്ച മമ്മൂട്ടി ചിത്രമായ നീലഗിരി മലയാള സിനിമയിലെ ഏറ്റവും വലിയ പരാജയ സിനിമകളിൽ ഒന്നായിരുന്നു. നീലകണ്ഠനെ മോഹൻലാലിൻറെ കൈകളിൽ എത്തിച്ചത് vbk മേനോൻ എന്ന പ്രൊഡ്യൂസർ ആയിരുന്നു. അസുരനായ നീലകണ്ഠനായി രഞ്ജിത്ത് – iv ശശി ടീം ആദ്യം പരിഗണിച്ചത് മുരളി എന്ന മഹാനടനെ ആയിരുന്നു. പക്ഷെ ഒരു ചെറിയ സിനിമ ആക്കാതെ ഈ കഥ മോഹൻലാലിനെ വെച്ചു വലിയ സിനിമയായി ചെയ്യുന്നതായിരിക്കും നല്ലത് എന്നും മുൻപ് മോഹൻലാലിനെ വെച്ചു നിരവതി സൂപ്പർഹിറ്റ് സിനിമകൾ ചെയ്തിട്ടുള്ള മേനോന് മോഹൻലാലിൻറെ ഡേറ്റ് ഉള്ളത് കൊണ്ട് മോഹൻലാലിനെ കൊണ്ട് വരുന്ന കാര്യം മേനോൻ ഏറ്റെടുക്കുകയും ചെയ്തതോടെ മലയാള സിനിമക്ക് എന്നും ഓർമിക്കാൻ കഴിയുന്ന മറ്റൊരു ക്‌ളാസ്സിക് പിറക്കുകയായി. നീലകണ്ഠൻ – മംഗലശ്ശേരി നീലകണ്ഠൻ

” മംഗലശ്ശേരി മാധവമേനോന്റെ മകൻ കാണണ്ട എന്ന് പറയുന്നതേ കാണു. കേൾക്കണ്ട എന്ന് പറയുന്നതേ കേൾക്കൂ. നല്ല കലാകാരന്മാരുടെ മുന്നിലെ കീഴടങ്ങിയിട്ടുള്ളൂ പിന്നെ ഇഷ്ടം നല്ല ചട്ടമ്പികളെയാ…….. മലയാളത്തിലെ പൗരുഷം നിറഞ്ഞ 10 മികച്ച കഥാപാത്രങ്ങളെ നിരത്തി നിർത്തിയാൽ അതിൽ ഒന്നാമൻ മംഗലശ്ശേരിൽ നീലകണ്ഠൻ ആയിരിക്കും എന്ന കാര്യത്തിൽ ഒരു മലയാളിക്കും എതിർ അഭിപ്രായം ഉണ്ടാകാൻ വഴിയില്ല

Devasuram Movie Stills-Mohanlal-Revathi-Classic Malayalam Movies

നീലകണ്ഠനെ പോലെ ഫ്യൂഡലിസവും തെമ്മാടിത്തരവും ആഢ്യത്തവും തൻപ്രമാണിത്തവും അഹങ്കാരവും പൗരുഷവും ഉള്ള ഒരു കഥാപാത്രം ദേവാസുരത്തിനു മുൻപും ശേഷവും മലയാള സിനിമ കണ്ടിട്ടില്ല.

ആരുടെ മുന്നിലും തോൽക്കാൻ തയ്യാറാകാത്ത, തല കുനിക്കാത്ത അഭിമാനിയും അഹങ്കാരിയുമായ നീലകണ്ഠനെ തോൽപ്പിക്കുന്നത്
വിധിയുടെ വിളയാട്ടമാണ്.

ഭാനുമതി എന്ന പെണ്ണിന്റെ ചങ്കുറപ്പിനു മുന്നിൽ ഒന്ന് ആടിയുലഞ്ഞു എങ്കിലും നീലകണ്ഠൻ അവളുടെ മുന്നിലും തോൽക്കുന്നില്ല. പക്ഷെ മകന്റെ പരസ്ത്രീ ബന്ധം കാരണം വീട് വിട്ടു പോയ അമ്മ – മരിക്കുന്നതിന് മുന്നേ മകനെ കാണാൻ ആഗ്രഹിക്കുന്നതും മരണത്തിനു മുന്നേ നീലകണ്ഠൻ നെറ്റിപ്പട്ടം പോലെ കൊണ്ട് നടക്കുന്ന മംഗലശ്ശേരി എന്ന പേര് ഒരു അനാഥ കുഞ്ഞിന് മാധവ മേനോൻ ഭിക്ഷ ആയി നൽകിയ ജീവിതം മാത്രമാണ് എന്നും മനസ്സിലാക്കുന്നതോടെ അഹങ്കാരിയായ നീലകണ്ഠൻ അവിടെ അവസാനിക്കുകയാണ്. അപമാനത്താൽ ആടിയുലഞ്ഞു തകർന്നു പോകുന്ന നീലകണ്ഠൻ പിന്നീട് ഒരിക്കലും മംഗലശ്ശേരിയുടെ ഗർവ്വിൽ തല ഉയർത്തുന്നത് നമുക്ക് കാണാൻ കഴിയില്ല. മോഹൻലാൽ എന്ന മഹാനടൻ അതുവരെ കാണാത്ത വിധം അസാധാരണമാം വിധം അതിഗംഭീരമായി ജീവിക്കുകയായിരുന്നു നീലകണ്ഠനിലൂടെ.

വേറെ ഏതൊരു താരം ചെയ്താലും ഓവർ ആക്റ്റിങ് ആയി പോകുമായിരുന്ന നിരവതി സീനുകൾ ഉണ്ട് ദേവാസുരത്തിൽ. മാനസികമായി തകർന്ന ഒരാളെ ശാരീരികമായി തകർക്കുക എന്നത് വളരെ എളുപ്പത്തിൽ കഴിയും എന്ന സത്യം ഒരിക്കൽ കൂടി വെളിപ്പെടുത്തുന്നുണ്ട് ദേവാസുരത്തിൽ.

മാധവമേനോൻ തന്റെ അച്ഛൻ അല്ല എന്നറിയുന്നിടത് മാനസികമായി തോറ്റു പോകുന്ന നീലകണ്ഠനെ അതുകൊണ്ട് തന്നെയാണ് പ്രതിയോഗികൾക്ക് വളരെ എളുപ്പത്തിൽ കീഴ്പ്പെടുത്താൻ കഴിയുന്നതും. നീലകണ്ഠൻ ജീവൻ മാത്രം ശേഷിക്കുന്ന ജീവച്ഛവം ആയി മാറിയ ശേഷമുള്ള അവസ്ഥയിൽ പോലും മോഹൻലാൽ എന്ന അഭിനേതാവിന്റെ പൂണ്ടുവിളയാട്ടം തന്നെ ആയിരുന്നു കാഴ്ചവെച്ചത് .

ഒരു പക്ഷെ മറ്റാര് ചെയ്താലും കോമഡി ആയി പോകുമായിരുന്ന ഒരു കൈ തളർന്നു പോയ രണ്ടാം പകുതി. ആർക്കും തോൽപ്പിക്കാൻ കഴിയാത്ത നീലകണ്ഠനെയും ജീവച്ഛവം ആയി ഒരു കൈയും – മനസ്സും തളർന്നു പോയ നീലനെയും അണുവിട മുകളിലേക്കോ താഴേക്കോ പോകാതെ ലോകത്തു മറ്റാർക്കും ചെയ്യാൻ കഴിയാത്ത വിധം അതി സൂക്ഷ്‌മമായി തന്നെ മോഹൻലാൽ ജീവിച്ചു എന്ന് തന്നെ പറയാം.

പരിപൂർണമായും നായകനെ ബേസ് ചെയ്തു പറഞ്ഞ കഥ ആയിട്ടും ഭാനുമതി എന്ന നായികയ്ക്കും വില്ലനായ ശേഖരനും കാര്യസ്ഥനായ വാര്യർക്കും നിറഞ്ഞു നിൽക്കാനുള്ള മികച്ച അവസരങ്ങൾ രഞ്ജിത്ത് എന്ന എഴുത്തുകാരൻ നൽകി. 2 സീനിൽ വന്നു വന്നു പോകുന്ന ഒടുവിൽ ഉണ്ണികൃഷ്ണന്റെ പെരിങ്ങോടൻ കഥാപാത്രവും മുഴുകുടിയനായ നെടുമുടി വേണുവിന്റെ മാഷും സിനിമ കണ്ടു കഴിഞ്ഞാലും സജീവ സാന്നിധ്യമായി മനസ്സിൽ നിറഞ്ഞു നിൽക്കും. നാട്ടിൻ പുറവും അമ്പലവും ഉത്സവവും കലയും ഡാൻസും ഫ്യൂഡൽ തെമ്മാടിത്തരവും ഇത്ര സമ്പന്നമായി കോർത്തിണക്കിയ / സമ്മേളിച്ച മറ്റൊരു മലയാള സിനിമ ഇല്ല എന്ന് തന്നെ പറയാം. ദേവാസുരത്തെ പിന്തുടർന്ന് നിരവധി അനവധി വാണിജ്യ സിനിമകൾ മലയാളത്തിൽ രഞ്ജിത്തിന്റേതായി തന്നെ വരുകയും മഹാവിജയങ്ങൾ നേടുകയും ചെയ്തിരുന്നു. കലയും ചട്ടമ്പിതരവും സമന്യയിപ്പിഛ് നീലകണ്ഠന്റെ വികലരൂപത്തെ vm വിനു പല്ലാവൂർ ദേവനാരായണൻ എന്ന സിനിമയിലൂടെ അവതരിപ്പിക്കാൻ കാരണം ആയതും ദേവാസുരം എന്ന സിനിമ ആകണം.

മാസ്റ്റർ പീസുകൾ ഒന്നേ ഉണ്ടാകൂ എന്നത്കൊണ്ട് ആകാം iv ശശിയുടെ മാസ്റ്റർ പീസായി മലയാള സിനിമ പരിഗണിക്കുന്ന ക്‌ളാസ്സിക് ദേവാസുരം ആണ്.

Mt വാസുദേവൻ നായർ ലോഹിതദാസ് തുടങ്ങിയ മഹാന്മാരായ എഴുത്തുകാരുടെ ക്‌ളാസ്സിക് സൃഷ്ടികൾക്ക് ഒപ്പം ചേർത്ത് വെക്കാൻ പറ്റുന്ന രഞ്ജിത്തിന്റെ ഏക സൃഷ്ടിയും ദേവാസുരം മാത്രമാണ്. ആദ്യമായി സംവിധായകനാകാൻ തീരുമാനിച്ചപോളും രഞ്ജിത്ത് തിരഞ്ഞെടുത്തത് തന്റെ മാസ്റ്റർ പീസ് ആയ ദേവാസുരത്തിന്റെ രണ്ടാം ഭാഗം ആയിരുന്നു. മോഹൻലാലിനെ നീലകണ്ഠൻ എന്ന അച്ഛനായും കാർത്തികേയൻ എന്ന മകനായും രാവണപ്രഭു എന്ന പേരിൽ സിനിമ ആയപ്പോൾ പക്വത വന്ന നീലകണ്ഠന്റെ മറ്റൊരു മുഖമായിരുന്നു രഞ്ജിത്ത് അവതരിപ്പിച്ചത്. മകൻ നായകനായ സിനിമയുടെ വിജയത്തിന് വേണ്ടിയോ അവസാനിപ്പിക്കാൻ വേണ്ടിയോ നീലകണ്ടൻ എന്ന എവർഗ്രീൻ കഥാപാത്രത്തെ രഞ്ജിത്ത് കൊന്നു കളഞ്ഞത് പ്രേക്ഷകർ ഇപ്പോളും മനസ്സാൽ സ്വീകരിച്ചിട്ടില്ല. മംഗലശ്ശേരി നീലകണ്ഠൻ എന്ന് കേട്ടാൽ പ്രേക്ഷകരുടെ മനസ്സിൽ ഓടിയെത്തുക ദേവന്റെ പുണ്യവും അസുരന്റെ വീര്യവും ഉള്ള ആ പഴയ നീലകണ്ഠനെയാണ്. അതുകൊണ്ട് തന്നെ നീലകണ്ഠന്റെ മരണം പ്രേക്ഷകർ ഇപ്പോളും വിശ്വസിച്ചിട്ടില്ല.

മലയാള സിനിമ പ്രേക്ഷകരുടെ ഉള്ളിൽ മംഗലശ്ശേരി നീലകണ്ഠന് അണയാത്ത വിളക്കായി എന്നും ആളിക്കത്തി – ജ്വലിച്ചു അങ്ങനെ തന്നെ നിൽക്കും. മംഗലശ്ശേരി നീലകണ്ഠന് മരണമില്ല എന്ന് വിശ്വസിക്കാൻ ആണ് മലയാള സിനിമക്കും പ്രേക്ഷകർക്കും ഇഷ്ടം.

ഒരു സീനോ ഒരു കഥാപാത്രമോ ആവശ്യം ഇല്ലാത്തതായി പ്രേക്ഷകർക്ക് തോന്നാത്ത അപൂർവം മലയാളം ക്‌ളാസ്സിക്കുകളിൽ ഒന്നാണ് ദേവാസുരം. വേണ്ടായിരുന്നു എന്ന് തോന്നുന്ന ഒന്നും ദേവാസുരത്തിൽ എനിക്ക് കാണാൻ കഴിഞ്ഞിട്ടില്ല. മഹാനായ ശില്പി കടഞ്ഞെടുത്ത ശിൽപം പോലെ എത്ര കണ്ടാലും മടുക്കാത്ത മനോഹരമായ ശിൽപം .

ആ ശില്പി iv ശശി ആണോ രഞ്ജിതാണോ അതോ മോഹൻലാൽ ആണോ എന്നത് മാത്രമേ അല്പം സംശയം ഉള്ളൂ. മറ്റു ഏതു നടനെ വെച്ചു ചെയ്താലും ഈ സിനിമ നന്നാകുമായിരുന്നു എങ്കിലും ഇതുപോലെ പരിപൂർണമായ ഒരു കലാസൃഷ്ട്ടി ആകുമായിരുന്നില്ല എന്നുറപ്പുള്ളതു കൊണ്ട് ആ ശില്പി മോഹൻലാൽ ആണെന്ന് ഞാൻ വിശ്വസിക്കുന്നു.

Credits: Unknown