പപ്പേട്ടന്റെ തൂവാനതുമ്പികൾക്ക് ഇന്ന് 32 വർഷങ്ങൾ..!!

പപ്പേട്ടന്റെ തൂവാനതുമ്പികൾക്ക് ഇന്ന് 32 വർഷങ്ങൾ..!!

July 31, 2019 0 By admin

ഇതുപോലൊരു മഴക്കാലത്ത്, എന്റെ പതിനേഴാമത്തെ വയസ്സിലാണ് തൂവാനത്തുമ്പികൾ ആദ്യമായി കാണുന്നത്.. അന്നോളം “തെറ്റാണ്” എന്ന ലേബല്‍ ഒട്ടിച്ച് പലരും പലപ്പോഴും പറഞ്ഞ പലതും അതിൽ വളരെ സ്വാഭാവികമായിട്ടുള്ള ശരികളായി കണ്ടതിന്റെ അമ്പരപ്പാണ് ആ സിനിമയെക്കുറിച്ചുള്ള ആദ്യത്തെ ഓര്‍മ.. അന്നുവരെ കണ്ട സിനിമകളും വായിച്ച പുസ്തകങ്ങളും ഉണ്ടാക്കിയ, പ്രണയത്തെക്കുറിച്ചുള്ള ഒരു ഏകദേശ ധാരണ തകർന്നു തരിപ്പണമായ ദിവസം.. പിന്നീട് എന്റെ രാപ്പകലുകളിൽ നിന്നും എത്രയോ തവണ അപഹരിക്കപ്പെട്ട, ഏറ്റവും പ്രിയപ്പെട്ട രണ്ടര മണിക്കൂറുകളുടെ തുടക്കം..

തൃശ്ശൂര്‍ എഞ്ചിനീയറിംഗ് കോളേജ് ക്യാമ്പസിൽ, മെയ് മാസത്തില്‍ പൂക്കുന്ന വാകമരങ്ങൾ നിറഞ്ഞ ഒരു ഗ്യാലറി ഉണ്ടായിരുന്നു.. ആ ഗുല്‍മോഹർപ്പൂക്കള്‍ പോലെ ചുവന്ന വിദ്യാര്‍ത്ഥി രാഷ്ട്രീയം കണ്ട, മരണം വരെ ദൃഢമെന്നുറപ്പുള്ള ഒരുപിടി സൗഹൃദങ്ങള്‍ ലഭിച്ച, അന്നോളം പെയ്തതില്‍ വെച്ചേറ്റവും നല്ല മഴ നനഞ്ഞ, ആദ്യ പ്രണയത്തിലെ ഏറ്റവും മനോഹരമായ കുറേ ഓര്‍മകള്‍ വരച്ചിട്ട ഒരിടം.. അവിടുത്തെ നാലു വര്‍ഷക്കാലമാണ് ജയകൃഷ്ണനും ക്ലാരയും രാധയും അവരെ അനശ്വരമാക്കിയ കഥാകാരനും, മനസ്സിൽ എന്നേക്കുമായി കയറിക്കൂടിയത്..

ആദ്യ കാഴ്ചകള്‍ തന്നത് ആണിന്റെ മനസ്സിന്റെ അതിമനോഹരമായ ഒരു വരച്ചിടലായിരുന്നു.. രണ്ട് വ്യക്തിത്വങ്ങൾക്കിടയിൽ ജീവിക്കുന്ന, ഒരുപോലെ തീക്ഷ്ണമായ രണ്ട് സ്നേഹങ്ങളിൽ നിന്നും ഒന്നുമാത്രം തിരഞ്ഞെടുക്കാന്‍ പറ്റാതെ കുഴങ്ങുന്ന, ജീവിതത്തിൽ ആദ്യമായി തൊട്ട പെണ്‍കുട്ടിയെ, ആദ്യമായി സ്നേഹിച്ച പെണ്‍കുട്ടിക്കുവേണ്ടി വിട്ടുകളയാന്‍ കഴിയാതെ വീര്‍പ്പുമുട്ടുന്ന ഒരു ആൺജീവിതത്തിന്റെ വ്യക്തമായ വരച്ചിടല്‍..

പക്ഷേ ഞാനും എന്റെ പ്രണയവും മാറിത്തുടങ്ങിയതോടെ അതുവരെ കണ്ട കാഴ്ചകളും മാറാൻ തുടങ്ങി.. അവസാനം, ഒരു ആണിനെ നിരുപാധികം സ്നേഹിച്ച, പിന്നെയും പിന്നെയും ആ സ്നേഹം കൊണ്ട്‌ അയാളെ തോല്പിച്ച രണ്ട് സ്ത്രീകളുടെ കഥയായി ആ സിനിമ മാറി.. ഇപ്പോഴും അതങ്ങനെ തന്നെ തുടരുന്നു..

നമ്മൾ കണ്ടു പരിചയിച്ച ഒരു ക്ലീഷേ നായക സങ്കല്‍പ്പമേയല്ല ജയകൃഷ്ണന്‍.. അയാൾ ഒരു നന്മമരമല്ല.. കഥയിലെവിടെയും അയാൾ മഹത്വവല്‍കരിക്കപ്പെടുന്നുമില്ല.. കൂട്ടുകാരന് “തുടക്കം കുറിക്കാന്‍” അയാൾ ആളെ ഏര്‍പ്പാട് ചെയ്തു കൊടുക്കുന്നുണ്ട്.. തന്നോടൊരു ആശ്രിതന്റെ വിധേയത്വം കാണിക്കാത്ത, സ്ഥിരം ശല്യക്കാരനായ ജഗതിയുടെ കഥാപാത്രത്തെ സുഹൃത്തുക്കളോടൊപ്പം ഗുണ്ടായിസം കാണിച്ച് അയാൾ വിരട്ടുന്നുണ്ട്.. താന്‍ വിവാഹാഭ്യർത്ഥന നടത്തിയ പെണ്‍കുട്ടിയുടെ താല്പര്യമില്ലായ്മ അയാളുടെ ആൺകോയ്മയെ വല്ലാതെ മുറിപ്പെടുത്തുന്നുണ്ട്.. അതിനു പ്രതികാരമെന്നവണ്ണം അവളെ body shame ചെയ്ത് അയാൾ ഇറങ്ങിപ്പോകുന്നുണ്ട്.. തന്റെ ജീവിതത്തിലെ എറ്റവും വലിയ നിര്‍ബന്ധവും പ്രാര്‍ത്ഥനയും വാശിയും അയാൾ ആ പ്രതികാരത്തിന്റെ ചൂടില്‍ മറക്കുന്നുണ്ട്..

അയാളൊരു സാധാരണ പുരുഷനാണ്, പ്രണയത്തിന്റെ കാര്യത്തിലടക്കം എല്ലാത്തിലും തന്റേതായ മുന്‍വിധികളും ദൗര്‍ബല്യങ്ങളുമുള്ള ഒരു സാധാരണ പുരുഷൻ.. അങ്ങനെയുള്ള എല്ലാ ദൗര്‍ബല്യങ്ങളെയും സന്തോഷത്തോടെ സഹിച്ച് അയാളെ സ്നേഹിച്ചുകൊണ്ടേയിരിക്കുന്ന രണ്ട് സ്ത്രീകളുണ്ട്.. വിട്ടുകൊടുക്കാന്‍ തയ്യാറാകലും സ്നേഹമാണ് എന്ന് പറയാതെ പറയുന്ന രണ്ട് പേർ.. അവരെയാണ് കൂടുതൽ കൂടുതൽ അറിയേണ്ടത്.. അവരെയാണ് ഇനിയുമിനിയും വായിക്കപ്പെടേണ്ടത്..

ക്ലാരയെ അവൾ തീരുമാനിച്ചിടത്തേക്ക് എത്തിക്കാൻ കാരണമാകുന്ന ജയകൃഷ്ണനെ അവള്‍ക്ക് ആദ്യമേ തിരിച്ചറിയാൻ പറ്റുന്നുണ്ട്.. അവളുടെ മുന്നില്‍ അയാൾ വാദിച്ചു ജയിക്കുന്ന ഒരു നിമിഷം പോലുമില്ല.. അവള്‍ക്ക് എല്ലാത്തിനും കൃത്യമായ ഉത്തരങ്ങളുണ്ട്, താന്‍ തെരഞ്ഞെടുത്ത വഴിയെക്കുറിച്ച് വ്യക്തമായ ബോധ്യമുണ്ട്.. ആ വഴി ഒരു തെറ്റല്ല എന്ന് മുഖത്തുനോക്കി പറയാനുള്ള എല്ലാ ചങ്കൂറ്റവുമുണ്ട്.. ഒരുമിച്ച് കഴിഞ്ഞ രാത്രിയുടെ അവസാനം അയാളുടെ ഉള്ളിലെ കുറ്റബോധവും മനസ്സിലെ നെറിയും കാണുമ്പോ, “ക്ലാരയെ ഞാൻ marry ചെയ്യട്ടെ?? ” എന്ന ചോദ്യത്തിലെ സത്യസന്ധത കാണുമ്പോ അവൾ അയാളെ വല്ലാതെ സ്നേഹിച്ചു പോകുന്നുണ്ട്.. പക്ഷേ തന്നോടുള്ള അയാളുടെ സ്നേഹം അയാള്‍ക്കു തന്നെ പിന്നീടൊരു ബാധ്യതയാകുമെന്ന് തിരിച്ചറിഞ്ഞിട്ടാണ് അവൾ ഒരു യാത്ര പോലും പറയാതെ ആ കൂട് വിട്ടുപോകുന്നത്, ഒരര്‍ത്ഥത്തില്‍ അയാളുടെ പ്രിയപ്പെട്ടവര്‍ക്കെല്ലാം അയാളെ വിട്ടുകൊടുക്കുന്നത്.. തന്റെ സ്വാതന്ത്ര്യത്തിന് തടസ്സമായി നിൽക്കാൻ പോകുന്ന തങ്ങളിന്റെ ചങ്ങലക്കണ്ണികളിൽ നിന്നും രക്ഷപ്പെട്ടു ദൂരേക്ക് മറയുന്നത്.. ജീവിതം മറ്റൊരാളുടെ തീരുമാനത്തിന് വിട്ടുകൊടുക്കാതെ, തന്റെ വിധി സ്വയം തീരുമാനിക്കുന്നത്..

“ആദ്യമായി മോഹം തോന്നിയ ആളെ” കാണാന്‍ വീണ്ടും കാണാന്‍ തിരികെ വരുമ്പോ അവളുടെ ഉള്ളില്‍ വെറുതെയെങ്കിലും ഒരു പ്രതീക്ഷയുണ്ട്, അന്നത്തെ ചോദ്യം അയാൾ ഇനിയും ചോദിക്കുമോയെന്ന്.. പിന്നീട് അവൾ തന്നെ തിരിച്ചറിയുന്നുണ്ട് ഇനിയൊരിക്കലും അതുണ്ടാകില്ലെന്ന്.. രാധ എന്ന സ്നേഹത്തിന് തടഞ്ഞു നിര്‍ത്താന്‍ കഴിയാത്ത ജയകൃഷ്ണന്റെ ഒരേയൊരു ദൗര്‍ബല്യമാണ് താനെന്ന് അവൾ മനസ്സിലാക്കുന്നുണ്ട്, അയാളുടെ അവസ്ഥയില്‍ സ്വയം വേദനിക്കുന്നുമുണ്ട്.. എന്നിട്ടും ഒരു ഉപാധികളുമില്ലാതെ അവളയാളെ ഏറ്റവും മനോഹരമായി സ്നേഹിക്കുന്നുണ്ട്.. ഒരുപക്ഷേ ഒരു പെണ്ണിന് മാത്രം കഴിയുന്ന ഒന്ന്.. ആ സ്നേഹം ഒന്നുകൊണ്ടുമാത്രമാണ് അവൾ വളരെ പെട്ടെന്ന് മറ്റൊരു ജീവിതം തെരഞ്ഞെടുക്കുന്നത്.. അയാളുടെ പ്രിയപ്പെട്ടവര്‍ക്കെല്ലാം അയാളെ ഒരിക്കല്‍കൂടി വിട്ടുകൊടുക്കുന്നത്..

നിരൂപണങ്ങളിൽ വളരെ കുറച്ചു മാത്രം ചർച്ചചെയ്യപ്പെട്ട, എന്നാല്‍ വളരെയധികം വായിക്കപ്പെടേണ്ട ഒരു കഥാപാത്രമാണ് രാധ. തന്റെ സ്വാതന്ത്ര്യത്തിന്മേൽ വീഴുന്ന ജയകൃഷ്ണന്റെ നോട്ടവും രണ്ടാമത്തെ കാഴ്ചയില്‍ തന്നെ അയാൾ നടത്തുന്ന വിവാഹാഭ്യർത്ഥനയും അവൾ അതര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നുണ്ട്.. അവളുടെ മറുപടി കേൾക്കുമ്പോൾ നമുക്ക് ചൊറിച്ചില്‍ ഉണ്ടാകുന്നതും അവളെ സഹപാഠികളുടെ മുന്നില്‍ വെച്ച് അപമാനിച്ചു ജയകൃഷ്ണന്‍ നടന്നു പോകുമ്പോൾ നമുക്ക്‌ രോമാഞ്ചം ഉണ്ടാകുന്നതും നമ്മുടെ കുഴപ്പമാണ്, മനസ്സിനകത്തെ male chauvinist നന്നായി പണിയെടുക്കുന്നതിന്റെ കുഴപ്പം..

പിന്നീട് ഏട്ടനിൽ നിന്നും കോളേജിലെ സഹപാഠികളിൽ നിന്നും അയാളുടെ പല മുഖങ്ങളും കഥകളും കേട്ടറിഞ്ഞതിന് ശേഷമാണ് അയാളെ അവൾ ഇഷ്ടപ്പെടാൻ തുടങ്ങുന്നത്.. അതിനിടയില്‍ അയാളുടെ ജീവിതത്തിൽ സംഭവിച്ച ക്ലാര എന്ന അദ്ധ്യായത്തെ ഒരിക്കല്‍ മാത്രം സംഭവിച്ച ഒന്നായി കണ്ട് ഒരു വിശദീകരണവും ചോദിക്കാതെ മറന്നുകളയാന്‍ അവള്‍ക്ക് കഴിയുന്നുണ്ട്.. അഴകിയ രാവണന്‍ പോലുള്ള സിനിമകളിൽ, “പരിശുദ്ധയല്ലാത്ത നായികയോട് ക്ഷമിക്കുന്ന വിശാലഹൃദയനായ(??) നായകന്റെ ത്യാഗത്തെ” നാം വാഴ്ത്തിപ്പാടുമ്പോൾ അതേ കാര്യം ഇവിടെ രാധ വളരെ നിസ്സാരമായി ചെയ്യുന്നുണ്ട്.. ഒരു ത്യാഗത്തിന്റെയും നാടകീയതയുടെയും പരിവേഷം കൂടാതെ.. തികച്ചും സ്വാഭാവികമായി..

ഒടുവില്‍ അയാള്‍ക്ക് സ്വയം തടഞ്ഞു നിര്‍ത്താന്‍ കഴിയാത്ത ഒരു ഇഷ്ടമാണ് ക്ലാര എന്ന് തിരിച്ചറിയുമ്പോളും അവളയാളെ സ്വന്തമാക്കാനോ കുറ്റപ്പെടുത്താനോ അല്ല ശ്രമിക്കുന്നത്. ക്ലാരയിൽ നിന്നും സ്വന്തം മനസ്സിനെ രക്ഷപ്പെടുത്താന്‍ വേണ്ടി രജിസ്റ്റർ വിവാഹം കഴിക്കാന്‍ തന്നെ നിര്‍ബന്ധിക്കുന്ന ജയകൃഷ്ണനോട് അവൾ പറയുന്നത് “ഞാൻ എന്നെങ്കിലും ഒരു വിവാഹ രജിസ്റ്ററില്‍ ഒപ്പു വെക്കുന്നെങ്കിൽ അത് നിങ്ങളുടെ ഒപ്പിന്റെ അടുത്തായിരിക്കും, പക്ഷേ അത് ക്ലാര വന്നു പോയതിനു ശേഷം മാത്രമേ ഉണ്ടാകൂ” എന്നാണ്. അതിലും ഭംഗിയായി എങ്ങനെയാണ് അയാളോടുള്ള സ്നേഹം അവൾ പ്രകടിപ്പിക്കുക ?? അതിലും കൃത്യമായി എങ്ങനെയാണ് അവള്‍ക്ക് അയാളുടെ ജീവിതപങ്കാളി അയാളുടെ മാത്രം തെരഞ്ഞെടുപ്പാണെന്ന് പറയാതെ പറയാൻ കഴിയുക?? അതിലും ലളിതമായി എങ്ങനെയാണ്, അയാൾ ക്ലാരയെ ആഗ്രഹിക്കുന്നുവെങ്കില്‍ അവരുടെ ഒന്നുചേരലിന് ഒരു തടസ്സമാകാൻ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് അവൾ സംവദിക്കുക ??

ഒടുവില്‍ ക്ലാരയെ യാത്രയാക്കി, തന്റെ മുഖത്ത് നോക്കി ആശ്വാസത്തോടെ ചിരിക്കുന്ന ജയകൃഷ്ണനോട് ഒരു തവണ കൂടി ക്ഷമിക്കാനും, വീണ്ടും അയാളെ സ്വീകരിക്കാനും അവള്‍ക്ക് കഴിയുന്നത് ഒരൊറ്റ കാരണം കൊണ്ടാണ്. എല്ലാ ദൗര്‍ബല്യങ്ങൾക്കുമപ്പുറം തന്നോട് അയാൾ പുലര്‍ത്തിയ സത്യസന്ധത ഒന്നുകൊണ്ട് മാത്രം.. അതൊരു പെണ്ണിന് മറ്റെന്തിനെക്കാളും വലുതാണെന്നതുകൊണ്ടുമാത്രം..

ഞാനും നിങ്ങളുമാകുന്ന ജനതയിലെ ഭൂരിപക്ഷത്തിന്, വേശ്യാവൃത്തി എന്നത് പറയാനറയ്ക്കുന്ന ഒരു വാക്കും ജോലിയും മാത്രമാണ്, അന്നും ഇന്നും.. അങ്ങനെയൊരു ജനതയുടെ മുന്നിലേക്ക് ആ കഥാകാരന്‍ ക്ലാരയെ കൊണ്ടുവന്നു നിർത്തി.. ഒരു അധിക്ഷേപത്തിനും വിലയിരുത്തലിനും വിട്ടുകൊടുക്കാതെ അവളെക്കൊണ്ട്‌ പ്രണയത്തെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചും പറയിച്ചു.. മുറിയിലെ ചുമരുകളെക്കുറിച്ചും ഭ്രാന്തന്റെ ചങ്ങലയിലെ മുറിവിനെക്കുറിച്ചും പറയിച്ചു..

ഒന്നില്‍ക്കൂടുതൽ ഇണകൾ ഒരേസമയം ഒരാളുടെ ജീവിതത്തില്‍ കടന്നുവരിക എന്നത് സദാചാര-സംസ്കാരിക ഭടന്മാരെ ഭ്രാന്തുപിടിപ്പിക്കുന്ന ഒരു വാര്‍ത്തയാണ്, അന്നും ഇന്നും.. അങ്ങനെയുള്ള മനോരോഗികളുടെ മുന്നിലേക്ക് ആ കഥാകാരന്‍ ജയകൃഷ്ണനെ കൊണ്ടുവന്നു നിര്‍ത്തി.. നന്മകളുടെ മാത്രം പേരല്ല നായകൻ എന്ന് പറയിച്ചു.. പ്രണയങ്ങൾ എത്ര അവിചാരിതമായാണ് ഒരാളുടെ ജീവിതത്തില്‍ കടന്നു വരുന്നതെന്ന് കാണിച്ചുകൊടുത്തു.. ചിലപ്പോൾ ഒന്നിലും ആരും തെറ്റുകാരല്ല എന്ന് മനസ്സിലാക്കികൊടുത്തു..

ആണിന്റെ തീരുമാനങ്ങൾക്ക് അധീനയാകുന്ന പെണ്ണ് എന്ന നാട്ടുനടപ്പ് തെറ്റിച്ചാല്‍, കൂടെ തെറ്റിപ്പോകുന്ന ഹൃദയമിടിപ്പുള്ള സമൂഹമാണ് നമ്മുടേത്, അന്നും ഇന്നും.. അങ്ങനെയൊരു സമൂഹത്തിന്റെ മുന്നിലേക്ക് ആ കഥാകാരന്‍ രാധയെ കൊണ്ടുവന്നു നിർത്തി.. ഇഷ്ടപ്പെടാത്ത ഒന്നിനോട് “ഇല്ല” എന്ന് പറയാൻ, വ്യക്തിത്വമുള്ള ഒരു പെണ്ണിന് കഴിയുമെന്ന് കാട്ടിത്തന്നു.. ആണിനോടുള്ള വിധേയത്വവും പെണ്ണിന്റെ അടിമത്തവുമല്ല, മറിച്ച് പരസ്പര ബഹുമാനമാണ് സ്നേഹം എന്ന് അവളുടെ ഓരോ നോട്ടം കൊണ്ടുപോലും പറയിച്ചു..

അതുകൊണ്ട് തന്നെയാണ്, അഭ്രപാളികളില്‍ ജനിച്ച് നാളേക്ക് 32 വര്‍ഷം തികയുന്ന ഈ വേളയിലും തൂവാനത്തുമ്പികൾ എനിക്കും നിങ്ങള്‍ക്കും മറ്റെന്തിനെക്കാളും പ്രിയപ്പെട്ടതാകുന്നത്.. മലയാള സിനിമ കണ്ട ഏറ്റവും വലിയ വിപ്ലവമാകുന്നത്.. പ്രണയത്തിന്റെ എറ്റവും വലിയ വെളിപാടാകുന്നത്..

NB : അവിടെ പറയാന്‍ കഴിയാത്തതുകൊണ്ടുമാത്രം ഇവിടെ കുറിക്കുന്ന ഏറ്റവും പ്രിയപ്പെട്ട ഒന്നു കൂടിയുണ്ട്.. ക്ലാരയുടെയും ജയകൃഷ്ണന്റെയും ഓരോ കണ്ടുമുട്ടലുകളെയും, അവര്‍ക്കുവേണ്ടി മാത്രം പെയ്ത ഓരോ മഴകളെയും, അവരുടെ ഓരോ യാത്രപറച്ചിലുകളെയും കൂടുതൽ കൂടുതൽ മനോഹരമാക്കിത്തീർത്ത ഒന്ന്.. ജോൺസൺ അനശ്വരമാക്കിത്തീര്‍ത്ത ആ പശ്ചാത്തലസംഗീതം..