മോഹൻലാലിന് മാത്രം സാധിക്കുന്ന വിസ്മയം; തന്മാത്രയുടെ പതിനാലു വർഷങ്ങൾ.

മോഹൻലാലിന് മാത്രം സാധിക്കുന്ന വിസ്മയം; തന്മാത്രയുടെ പതിനാലു വർഷങ്ങൾ.

December 16, 2019 0 By SACHIN

ബ്ലെസി സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമായ തന്മാത്ര റിലീസ് ചെയ്തിട്ടു ഇന്നേക്ക് പതിനാലു വർഷം. മോഹൻലാൽ- ബ്ലെസി എന്നിവരുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായ തന്മാത്രയിലെ മോഹൻലാലിന്റെ പ്രകടനം ഇന്ത്യൻ സിനിമയെ വിസ്മയിപ്പിച്ച ഒന്നാണ്. ആ ചിത്രത്തെ കുറിച്ചും മോഹൻലാലിനെ കുറിച്ചുമുള്ള സിനിമ പ്രേമിയുടെ കുറിപ്പ് വായിക്കാം..

“നമ്മൾ മലയാളികൾ അല്ഷിമേഴ്സ് എന്ന രോഗത്തെ പറ്റി ആദ്യമായി ബോധവാന്മാർ ആയതു തന്മാത്ര എന്ന ബ്ലെസി ചിത്രത്തിലൂടെ ആയിരുന്നു…ഇന്ത്യൻ സിനിമയിലെ മഹാനടൻ മോഹൻലാൽ അവതരിപ്പിച്ച രമേശൻ നായർ ആയിരുന്നു നമ്മൾ വേദനയോടെ കണ്ട അല്ലെങ്കിൽ പഠിച്ച ആദ്യ അല്ഷിമേഴ്സ് രോഗി..ഈ ചിത്രം നമ്മുക്ക് ഈ രോഗത്തെ പറ്റി നല്കിയ അറിവും വെളിച്ചവും ഒന്നും മറ്റൊരു ബോധവല്ക്കരണ പരിപാടികൾക്കും നല്കാൻ ആയിട്ടില്ല എന്നതാണ് വാസ്തവം..അല്ഷിമേഴ്സ് രോഗി ആയുള്ള മോഹൻലാലിൻറെ പ്രകടനം അതിശയിപ്പിക്കുന്നത് ആയിരുന്നു…ഓരോരോ സൂക്ഷ്മം ആയ അംശങ്ങളിൽ പോലും ആ മനുഷ്യൻ രമേശൻ നായർ എന്ന മറവി രോഗത്തിന്റെ പിടിയിലായ കഥാപാത്രം ആയി പകർന്നാടി.

രോഗത്തിന്റെ ഓരോ അവസ്ഥയും വ്യക്തമായി ഈ ചിത്രം നമ്മുക്ക് കാണിച്ചു തന്നു…അതോടൊപ്പം ഓരോ അവസ്ഥയിലൂടെയും കടന്നു പോകുന്ന ആ കഥാപാത്രത്തിന്റെ ശരീര ഭാഷയും മനസ്സിലെ വ്യാകുലതകളും എല്ലാം മോഹൻലാൽ അവതരിപ്പിച്ചതിനെ അത്ഭുതകരം എന്ന് മാത്രമേ പറയാൻ കഴിയു..ഒരു മരത്തിൽ നിന്നുള്ള ഇലകൾ കൊഴിഞ്ഞു പോകുന്നത് പോലെ ഓരോ ഓര്മകളും കൊഴിഞ്ഞു പോവുന്ന മനസ്സിന്റെ വേദനയെ , നിസഹായവസ്ഥയെ മോഹൻലാൽ അവതരിപ്പിച്ചതിന് മുകളിൽ നല്കാൻ ചിലപ്പോൾ കഴിയുക ദൈവത്തിനു മാത്രം ആവും..കണ്പീലികളുടെ ചലനത്തിലൂടെ വരെ ഈ മഹാ പ്രതിഭ നല്കിയത്, രമേശൻ നായർ എന്ന ആ മനുഷ്യന്റെ നഷ്ടപ്പെട്ട് പോകുന്ന ഓരോ ഓർമകളുടെയും വിഹ്വലതകൾ ആയിരുന്നു.

തന്റെ ഓര്മ ശക്തിയിൽ അഭിമാനം കൊണ്ടിരുന്ന രമേശൻ നായരുടെ ശരീര ഭാഷയിൽ നിന്ന് എത്ര അനായസകരം ആയി ആണ് ഓർമ്മകൾ നഷ്ട്ടപെട്ടു തുടങ്ങുമ്പോൾ ഉള്ള രമേശൻ നായരുടെ ഇടിയുന്ന ശരീര ഭാഷയിലേക്കു ഈ നടൻ മാറിയത്..ഒരിക്കലും മറക്കില്ല എന്ന് കരുതിയ പല ഓര്മകളും ചിറകുകൾ വെച്ച് തന്നിൽ നിന്ന് പറന്നു അകന്നു പോകുന്നത് നിസഹായനായി നോക്കി നില്ക്കുന്ന രമേശൻ നായരെ മോഹൻലാൽ തന്നത്, ആ നിസഹായതയുടെ വേദന നമ്മളെ ഓരോരുത്തരെയും അനുഭവിപ്പിച്ചു കൊണ്ടാണ്..ഇതളൂർന്നു വീണ പനിനീർ ദളങ്ങൾ തിരികെ ചേരുമ്പോലെ എന്ന് പാടിയ രമേശൻ ആ ഓര്മകളുടെ ദളങ്ങൾ തിരികെ വന്നു ചേരാൻ ആഗ്രഹിച്ചതിലും എത്രയോ മുകളിൽ നമ്മൾ ആഗ്രഹിച്ചു കാണും, ആ ഓർമ്മകൾ ഒരിക്കൽ കൂടി രമേശനിലേക്ക് തിരിച്ചു വരാൻ.

കാരണം വളരെ കുറച്ചു നിമിഷങ്ങൾ കൊണ്ട് അയാൾ നമ്മുടെ സ്വന്തം ആയി കഴിഞ്ഞിരുന്നു ..ഒരുപക്ഷെ മോഹൻലാൽനു മാത്രം സാധിക്കുന്ന ഒരു വിസ്മയം..അവതരിപ്പിക്കുന്ന ഓരോ കഥാപാത്രവും നമ്മൾ തന്നെ ആണ് അല്ലെങ്കിൽ നമ്മുടെ ഹൃദയത്തോട് ചേർന്ന് നില്ക്കുന്ന ആരോ ഒരാൾ ആണ് എന്ന് തോന്നിപ്പിക്കാൻ ഉള്ള കഴിവ്..ജീവിതത്തിലെഓർമ്മകൾ ഓരോന്നായി കൊഴിഞ്ഞു തുടങ്ങിയ രമേശൻ നായർ ഇന്ന് സഞ്ചരിക്കുന്നത് ഓർമകളിലൂടെ പുറകോട്ടാണ്..ഓർക്കാൻ ആഗ്രഹിച്ച ഓരോന്നും മനസ്സറിയാതെ കൊഴിഞ്ഞു പോയപ്പോൾ, മറന്നു എന്ന് കരുതിയ ഒരു ഭൂത കാലത്തിലെ ഓർമ്മകൾ വേലിയേറ്റം പോലെ ആ മനസ്സിനെ തണുപ്പിച്ചു..എന്നാൽ പലപ്പോഴും ഓര്മയുടെ ആ തീരങ്ങളിൽ മറ്റാർക്കും കാണാൻ കഴിയാത്ത ഒരു ആത്മാവിനെ പോലെ താൻ ഒറ്റക്കാണ് എന്ന ഒരു തിരിച്ചറിവും ചില നിമിഷങ്ങളിൽ ആ മനസ്സിനെ മഥിച്ചു..

100 ഓർമ്മകൾ നഷ്ട്ടപെടുന്നതിനിടയിൽ അറിയാതെ വീണു കിട്ടുന്ന ഓർമ്മകൾ രമേശന് ഉത്സവം ആയിരുന്നു…ഒരിക്കൽ കൂടി തന്റെ പ്രീയപെട്ടവരുടെ ഓര്മകളുടെ വേഗത്തിനൊപ്പം എത്താൻ വെമ്പുന്ന ആ മനസ്സിനെ എത്ര അവിശ്വസനീയമായ പൂർണ്ണതയോടെ ആണ് മോഹൻലാൽ അവതരിപ്പിച്ചത്..രമേശൻ മനസ്സ് ബാല്യ കാലത്തേക്കുള്ള സഞ്ചാരത്തിൽ ആയിരുന്നു..ബാല്യത്തിലേക്ക് മനസ്സ് കൂടുതൽ അടുക്കുമ്പോൾ ആ മുഖത്തും കണ്ണുകളിലും വിരിഞ്ഞത് വിവരിക്കാൻ വാക്കുകൾ ഇല്ലാത്ത ഭാവ പ്രകടനം ആയിരുന്നു..ഒരു പിഞ്ചു കുഞ്ഞിന്റെ നിഷ്കളങ്കമായ ചിരി, ചലനങ്ങൾ, ഭാവങ്ങൾ എല്ലാം ഈ നടൻ എത്ര സ്വാഭാവികം ആയി ആണ് തന്നിലേക്ക് ആവാഹിച്ചത്….ഒരു പക്ഷെ മോഹൻലാൽ ചെയ്തത് ആ രോഗിയായി മാറുക മാത്രം ആയിരുന്നില്ല…ആ രോഗവും ആയി മാറുകയായിരുന്നു…ഓർമ്മകൾ നഷ്ട്ടപെടുന്ന ഒരു മനുഷ്യൻ ആവുക ആയിരുന്നില്ല ഈ പ്രതിഭ ചെയ്തത്, പകരം നഷ്ട്ടപെടുന്ന ഓര്മകളുടെ ശരീരം ആയി മാറുകയായിരുന്നു.

ബാല്യത്തിൽ നിന്ന് കൌമാരവും പിന്നീട് അതിൽ നിന്ന് യൌവനവും കടന്നു വാര്ധക്യത്തിലേക്കു സഞ്ചരിച്ചു മരണത്തിനു മുന്നില് ദേഹം അര്പ്പിച്ചു ദേഹി ആയി മാറുന്ന യാത്ര ആണ് ഒരു സാധാരണ മനുഷ്യന്റെ ജീവിതം എങ്കിൽ, ഒരു അല്ഷിമേഴ്സ് രോഗി നടക്കുന്നത് നേരെ തിരിച്ചാണ്..അവർക്കു മറ്റൊരു യാത്ര കൂടി നടത്തേണ്ടി വരുന്നു…മനസ്സ് കൊണ്ട് ഒരു യാത്ര…വാർധക്യത്തിൽ എത്തിയതിനു ശേഷം തിരിച്ചു യൗവനതിലെക്കും അവിടെ നിന്ന് കൌമാരത്തിലൂടെ കടന്നു ബാല്യത്തിലേക്കും നടന്നു ദേഹം ഉപേക്ഷിച്ചു ദേഹിയായി മാറുന്നു..ഒരു പക്ഷെ വളരെ വേദന നിറഞ്ഞ ഒരു യാത്ര ആയി തുടങ്ങുന്ന ആ മനസ്സിന്റെ പുറകോട്ടുള്ള യാത്ര അവസാനിക്കുന്നത്‌ ആനന്ദത്തിന്റെ ഉച്ചകോടിയിൽ ആയിരിക്കാം. മനസ്സ് ജനിക്കുന്ന ആ നിമിഷത്തേക്ക് ഉള്ള യാത്ര..ബാല്യത്തിന്റെ ആരംഭത്തിലേക്കു ഉള്ള യാത്ര…ആ യാത്ര ആണ് മോഹൻലാൽ നമ്മുടെ മുന്നില് അപാരമായ വഴക്കത്തോടെ , പൂർണ്ണതയോടെ , അതെ സമയം ഭീതി പെടുത്തുന്ന സ്വാഭാവികതയോടെ കാണിച്ചു തന്നത്…ഭീതിപ്പെടുത്തുന്ന എന്ന് പറയാൻ കാരണം ഉണ്ട്..എന്തെന്നാൽ രമേശൻ നായർക്കു ജീവിക്കാൻ തന്റെ ശരീരം മോഹൻലാൽ വിട്ടു നൽകിയപ്പോൾ അയാൾ നടത്തിയ ആ മനസ്സിന്റെ യാത്രയിൽ മോഹൻലാൽ കൂടി ചേർന്ന് പോയോ എന്ന ഭീതി…ഇതിൽ നടനേതു കഥാപാത്രം ഏതു എന്ന് തിരിച്ചറിയാൻ സാധിക്കാത്ത അപാരമായ ഒരു ധ്യാനവസ്ഥ..

മോഹൻലാൽ ദേഹവും രമേശൻ നായർ ദേഹിയും ആയ അവസ്ഥ…മോഹൻലാൽ പരകായ പ്രവേശം നടത്താറില്ല..കാരണം അതൊക്കെ ഏതൊരു മികച്ച നടനും നല്കാൻ കഴിയുന്ന ഒരു പ്രകടനം ആണ്..തന്റെ ശരീരം ഉപേക്ഷിച്ചു കഥാപാത്രം ആയി മാറുക എന്നത്…മോഹൻലാൽ ചെയ്യുന്നത് തന്റെ ശരീരം ഉപേക്ഷിക്കുകയല്ല..തന്റെ ആത്മാവിന്റെ ഉപേക്ഷിക്കുക ആണ്..എന്നിട്ടു കഥാപാത്രത്തിന്റെ ആത്മാവിനെ തന്റെ ശരീരത്തിൽ ജീവിക്കാൻ അനുവദിക്കുകയാണ്..മോഹൻലാലിൻറെ ശരീരത്തിൽ ആ കഥാപാത്രത്തിന്റെ ആത്മാവ് ശ്വസിക്കുകയാണ് , കരയുകയാണ് , ചിരിക്കുകയാണ്, സ്നേഹിക്കുകയാണ്, വെറുക്കുകയാണ് , മോഹിക്കുകയാണ്, സ്വപ്നം കാണുകയാണ്.. കടുത്ത ചമയങ്ങളുടെ ഒരു ചട്ടകൂട് ഈ നടന് ആവശ്യം ഇല്ല…അത് പരകായ പ്രവേശം നടത്തുന്നവർക്ക് ആണ് വേണ്ടത്..കാരണം അവർക്കു മറ്റൊരു ആൾ ആയി മാറുമ്പോൾ അവരുടെ എല്ലാ രൂപ ഗുണ സവിശേഷതകളും ഉണ്ടാക്കിയെടുത്തെ പറ്റു..പക്ഷെ മോഹൻലാൽ നല്കുന്നത് തന്റെ ശൂന്യമായ ശരീരം ആണ്..അവിടെ കഥാപാത്രത്തിന്റെ ആത്മാവ് പ്രവേശിക്കുന്നു..ജീവിക്കുന്നു…പെരുമാറുന്നു…അതിനു വേണ്ടി അവർ ഉപയോഗിക്കുന്ന “ടൂൾ” ആണ് മോഹൻലാലിൻറെ ശരീരം..

ചിലര് പറയുന്നു..മോഹൻലാൽ ഒരേ ചിരിയും ഒരേ നടപും ഒരേ ഇരിപ്പും ആണ് എല്ലാ സിനിമകളിലും എന്ന്..അതെ സുഹൃത്തുക്കളെ ആ ബാഹ്യ രൂപത്തെ മാത്രം ശ്രദ്ധിക്കുന്ന നിങ്ങള്ക്ക് അതെ കാണാൻ കഴിയൂ..പക്ഷെ വെറുപ്പും വിദ്വേഷവും ഇല്ലാതെ നല്ല മനസ്സ് കൊണ്ട് അത് കാണുന്നവർ കാണുന്നത് സൂക്ഷ്മമായ അംശങ്ങളിൽ പോലും ഓരോ കഥാപാത്രത്തിന്റെയും വ്യത്യസ്തയും ആത്മാവും നമ്മുക്ക് നല്കുന്ന ഒരു നടന ശരീരത്തെ ആണ്..എന്റെ അസ്ഥിത്വം വിട്ട് എനിക്ക് മറ്റൊരാൾ ആകാം..എന്താണ് അയാൾ എന്ന് അറിഞ്ഞാൽ മാത്രം മതി..അയാളുടെ രൂപം ആയി എന്നെ മാറ്റാൻ ചമയങ്ങളും ഉണ്ട് ..പക്ഷെ എന്റെ ശരീരത്തിൽ എന്റെ ദേഹിയെ കയ്യൊഴിഞ്ഞു മറ്റൊരു ആത്മാവിനെ വിഹരിക്കാൻ അനുവദിക്കുക എന്നതും അയാൾ എന്നിലൂടെ ജീവിക്കുക എന്നതും ദൈവ ദത്തം ആണ്..ദൈവ തുല്യം ആണ്…ഓര്മകളുടെ തീരത്ത് നിന്നും പുറകിലേക്ക് അതിന്റെ പ്രഭവ കേന്ദ്രത്തിലേക്ക് സഞ്ചരിച്ച രേമേശൻ നായരെ പോലെ…ആ ആത്മാവിനെ നമ്മുക്ക് മുന്നില് ജീവിപ്പിച്ച മോഹൻലാലിനെ പോലെ..”